23 February, 2019 08:43:00 PM


നോര്‍ക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് സര്‍വ്വീസ്: ഇടവേളകളില്ലാത്ത റിക്രൂട്ട്‌മെന്‍റിന് തുടക്കമായി




കൊച്ചി: ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് വിദേശ റിക്രൂട്ട്‌മെന്‍റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്‌മെന്‍റ് ആരംഭിച്ചു.  നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ആദ്യ എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് സേവനത്തിന്റെ ഉദ്ഘാടനം  നിര്‍വ്വഹിച്ചു.   

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്‌മെന്‍റ് സേവനം അതിവേഗത്തില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ആദ്യപടിയായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൗദി അറേബ്യയിലെ അല്‍മൗവാസാറ്റ് ആശുപത്രിയിലെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജര്‍ റോജന്‍ അലക്‌സുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് റിക്രൂട്ട്‌മെന്‍റ് നടപടിക്ക് തുടക്കമിട്ടത്.

ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴില്‍ ദാതാവുമായി നേരിട്ട് ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെടുത്തി സുതാര്യവും അതിവേഗവുമായ റിക്രൂട്ട്‌മെന്‍റ് പ്രക്രിയയാണ് നോര്‍ക്ക റൂട്ട്‌സിന്‍റെ സവിശേഷത. ഇടവേളകളില്ലാത്ത റിക്രൂട്ട്‌മെന്‍റ് നടപടികളാണ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്‍റ് സര്‍വ്വീസീലൂടെ സാധ്യമായത്. ഇതുവഴി സാധാരണ റിക്രൂട്ട്‌മെന്‍റ് നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി അതിവേഗത്തില്‍ നിയമന നടപടികള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അടുത്ത റിക്രൂട്ട്‌മെന്‍റ് ഫെബ്രുവരി 28 ന് രാവിലെ 11.30 ന് നോര്‍ക്ക റൂട്ട്‌സിന്‍റെ ആസ്ഥാനത്തു നടക്കും. 

റിക്രൂട്ട്‌മെന്‍റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt4.norka@kerala.gov.in ലേക്ക് അവരുടെ ബയോഡേറ്റകള്‍ സമര്‍പ്പിക്കാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി. ജഗദ്ദീശ്, റിക്രൂട്ട്‌മെന്‍റ് മാനേജര്‍ അജിത്ത് കോളശ്ശേരി, അസിസ്റ്റന്‍റ് മാനേജര്‍ വി മോഹനന്‍ നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K