30 December, 2025 06:30:27 PM
1.61 കോടിയുടെ ഗവേഷണ പദ്ധതികള്‍ എംജി സര്‍വ്വകലാശാലയ്ക്ക്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ സ്കീം ഫോര്‍ പ്രമോഷന്‍ ഓഫ് അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് കൊളാബറേഷന്‍ (SPARC) പദ്ധതിയില്‍ 1.61 കോടി രൂപയുടെ രണ്ട് ഗവേഷണ പദ്ധതികള്‍ കരസ്ഥമാക്കി എം ജി സര്‍വകലാശാല. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ലോകത്തെ പ്രമുഖ സര്‍വകലാശാലകളും തമ്മില്‍ അക്കാദമിക് ഗവേഷണ സഹകരണം വളര്‍ത്തുകയാണ് SPARC പദ്ധതിയുടെ ലക്ഷ്യം.
ബയോ ആക്റ്റീവ് മറൈന്‍ പോളിസാക്കറൈഡുകള്‍ വേര്‍തിരിക്കുന്നതിനുള്ള സുസ്ഥിര മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയും, പ്രമേഹ രോഗികളിലെ ഹൈഡ്രോജെല്‍ അധിഷ്ഠിത മുറിവുണക്കല്‍ മാര്‍ഗങ്ങളില്‍ അവയുടെ പ്രായോഗികത പരീക്ഷിക്കുകയും ചെയ്യുന്നതാണ് 78.96 ലക്ഷം രൂപയുടെ ഒന്നാമത്തെ പദ്ധതി. (Sustainable Sequential Green Extraction of Bioactive Marine Polysaccharides and Their Application in Diabetic Wound Healing Hydrogels) മഹാത്മാ ഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് മുഖ്യ ഗവേഷകനായും (Principal Investigator), സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസിലെ അസ്സോസിയേറ്റ് പ്രൊഫസര്‍, ഡോ. ശ്രീകല എം. എസ്. സഹ മുഖ്യ ഗവേഷകയായും (Co-PI) പ്രവര്‍ത്തിക്കും. വിദേശ ഗവേഷക സംഘത്തെ നയിക്കുന്നത് അമേരിക്കയിലെ അലബാമ യൂണിവേഴ്സിറ്റി പ്രൊഫസര്‍ വിനോയ് തോമസ് ആണ്. ഡോ. സെല്‍വം (ബ്രയാന്‍) പിള്ള സഹ മുഖ്യഗവേഷകനായി പ്രവര്‍ത്തിക്കും.
രോഗനിര്‍ണയത്തിലും തുടര്‍ചികിത്സയിലും നിര്‍ണായകമായേക്കാവുന്ന അത്യാധുനിക തെരനോസ്റ്റിക് നാനോമാറ്റീരിയലുകള്‍ വികസിപ്പിക്കുന്ന 82.12 ലക്ഷം രൂപയുടെ രണ്ടാമത്തെ പദ്ധതിയിൽ (Synthesis of Quantum Dot-Porphyrin Conjugates as Theranostic Agents via Synergetic Therapeutic Effect) ഡോ. ശ്രീകല എം. എസ്. മുഖ്യ ഗവേഷകയായും പ്രൊഫ. സാബു തോമസ് സഹ മുഖ്യഗവേഷകനായും പ്രവര്‍ത്തിക്കും. യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയിലെ പ്രൊഫ. സാമുവല്‍ ഒലുവാട്ടോബി ഒലുവാഫെമി വിദേശ ഗവേഷക സംഘത്തെ നയിക്കും. യൂണിവേഴ്സിറ്റി ഓഫ് ക്വാസുലു- നേറ്റാളിലെ പ്രൊഫ. സാന്‍ഡിലെ ഫിന്‍ഡ
സോംഗ്കയാണ് വിദേശ സഹ മുഖ്യഗവേഷകന്‍.
അന്താരാഷ്ട്ര ഗവേഷണ സഹകരണങ്ങളില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതാണ് ഈ നേട്ടം. സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റം, ശേഷിവികസനം എന്നിവയിലൂടെ സങ്കീര്‍ണമായ സാമൂഹ്യവും സാങ്കേതികവുമായ വെല്ലുവിളികള്‍ നേരിടാന്‍ പദ്ധതി ഇന്ത്യന്‍ ഗവേഷക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും.





