11 June, 2026 06:20:56 PM


എം ജി ബിരുദ ഏകജാലകം: സാധ്യതാ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു



കോട്ടയം: മഹാത്മാഗാന്ധി സ‍ർവകലാശാല ഒന്നാം വ‍ർഷ ബിരുദ പ്രവേശനത്തിന്റെ സാധ്യതാ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്ഷനുകൾ കൂട്ടിച്ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം ജൂൺ 15 വൈകീട്ട് 5 മണിവരെ ലഭ്യമാകും. അപേക്ഷാ സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ സാധിക്കാത്തവ‍ർക്കും, മാ‍ർക്ക് അടക്കം അപേക്ഷയിൽ പിഴവുകൾ വരുത്തിയിട്ടുള്ളവർക്കും ജൂൺ 15 വരെ തിരുത്തലുകൾ വരുത്താം. പുതുതായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും ജൂൺ 15 വരെ ലഭ്യമായിരിക്കുന്നതാണ്.

സംവരണാനുകൂല്യത്തിനായി പ്രോസ്പെക്ടസിൽ പറയും പ്രകാരമുള്ള സാക്ഷ്യപത്രങ്ങളാണ് അ‌പ്ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷക‍ർ ഉറപ്പുവരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം പ്രവേശനം റദ്ദാക്കപ്പെടാം. എസ് ഇ ബി സി/ഒ ഇ സി വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒരു ഫയലായോ അല്ലെങ്കിൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റോ അപ് ലോഡ് ചെയ്യാവുന്നതാണ്. ഇ ഡബ്ല്യു എസ് വിഭാഗം അപേക്ഷകർ 'ഇൻകം ആൻഡ് അസ്സറ്റ്സ് സർട്ടിഫിക്കറ്റ്' അപ്ലോഡ് ചെയ്യേണ്ടതാണ്.

സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നോക്ക വിഭാഗത്തിൽപ്പെടുന്നവർ, പൊതു വിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം 8 ലക്ഷത്തിൽ കൂടുതലായി നൽകിയതിനു ശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാവുന്നതാണ്. എൻ സി സി /എൻ എസ് എസ് എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ പ്ലസ് 1/ പ്ലസ് 2 തലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്യേണ്ടത്. വിമുക്തഭടന്‍/ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നുമുള്ള സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/നേവി/എയർഫോഴ്സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305