29 January, 2020 11:22:03 PM


രാജ്കുമാറിനെ സ്റ്റേഷനിൽ ഉരുട്ടി കൊന്ന കേസിൽ സിബിഐ അന്വേഷണം തുടങ്ങി



തൊടുപുഴ: നെടുങ്കണ്ടം ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ ഉരുട്ടിക്കൊലപാതക്കേസിൽ സിബിഐ അന്വേഷണം തുടങ്ങി. രാജ്കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും, പീരുമേട് സബ് ജയിലിലുമെത്തി അന്വേഷണ സംഘം തെളിവെടുത്തു. കേസന്വേഷണത്തിനായി നെടുങ്കണ്ടത്ത് സിബിഐ ക്യാംപ് ഓഫിസ് തുറക്കും.   

   
പണം നഷ്ടപ്പെട്ടവരിൽ നിന്നും വിവരങ്ങൾ തേടും. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി സുരീന്ദർ ദില്ലോണിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം വിപുലികരിക്കും. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എസ്.ഐ. കെ.എ.സാബു അടക്കം 6 പൊലീസുകാരെയും ഒരു ഹോം ഗാർഡിനെയും പ്രതിയാക്കിയാണ് സിബിഐ പ്രഥമ വിവര റിപ്പോർട്ട് നൽകിയിരിക്കുന്നത്.

രാജ്കുമാറിനെ കസ്റ്റഡിയിൽ മർദിച്ച സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള പൊലീസുകാരുടെ വിശ്രമമുറി സംഘം പരിശോധിച്ചു. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷം ഹരിത ഫിനാൻസ് കേസിലെ പ്രതി മഞ്ജുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. 2019 ജൂൺ മാസം 12 മുതൽ 16 വരെ രാജ്കുമാറിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ച് മർദ്ദിച്ച കേസിലാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായത്. ജൂൺ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ് കുമാർ പീരുമേട് സബ് ജയിലിൽ മരിച്ചത്. തുടർന്ന് നടന്ന പരിശോധനയില്‍ കസ്റ്റഡി മർദനമാണ് മരണ കാരണമെന്ന് കണ്ടെത്തുകയായിരുന്നു.

മുൻ നെടുങ്കണ്ടം എസ്ഐ കെ.എ.സാബു, എഎസ്ഐ സി.ബി.റെജിമോൻ, പൊലീസ് ഡ്രൈവർമാരായ സജീവ് ആന്റണി, പി.എസ്.നിയാസ്, എഎസ്ഐയും റൈറ്ററുമായ റോയി.പി. വർഗീസ്, സിപിഒ ജിതിൻ.കെ.ജോർജ്, ഹോം ഗാർഡ് കെ.എം.ജെയിംസ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K