24 March, 2020 08:16:13 PM


രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ; ഇന്ന് രാത്രി 12 മണി മുതൽ പ്രാബല്യത്തിൽ



ദില്ലി: രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 12 മണി മുതൽ രാജ്യത്ത് സമ്പൂർണ അടച്ചിടൽ നിലവിൽ വരും. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. രാജ്യത്തെ രക്ഷിക്കുന്നതിന് എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചിടുന്നത്. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. ഓരോ പൌരനും ഇപ്പോള്‍ എവിടെയാണോ അവിടെ തന്നെ തുടരണം. കോവിഡിനെ നേരാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും പ്രധാനമന്ത്രിക്ക് വരെ ഇത് ബാധകമാണെന്നും നരേന്ദ്രമോദി വ്യക്തമാക്കി. എല്ലാവരും വീടുകളിൽ തന്നെ കഴിയണമെന്നും വീടിന് മുന്നിലെ ലക്ഷ്മണരേഖ കടക്കരുതെന്നും കൈകൂപ്പി അപേക്ഷിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ചുവടെ.


"ജനതാകർഫ്യൂ ജനങ്ങൾ വലിയ വിജയമാക്കി. അതിന് ജനങ്ങളോട് നന്ദി പറയുന്നു. എന്ത് സങ്കടമുണ്ടായാലും അതിനെ ഇന്ത്യക്കാർ ഒന്നിച്ച് നേരിടുമെന്ന് നമ്മൾ തെളിയിച്ചു. ലോകത്തെമ്പാടും കൊറോണവൈറസ് ഒരു മഹാമാരിയായി പടരുന്നത് നമ്മൾ മാധ്യമങ്ങളിലൂടെ കാണുകയാണല്ലോ. പല വികസിത രാജ്യങ്ങളും ഇതിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതും നമ്മൾ കാണുന്നതാണ്. അവരുടെ പക്കൽ ഇതിനെ നേരിടാൻ വേണ്ട സൌകര്യങ്ങളില്ലാഞ്ഞിട്ടല്ല. എന്നിട്ടും വൈറസ് പടർന്നു പിടിക്കുകയാണ്. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാൻ വേറെ വഴിയില്ല. ഇത് മെഡിക്കൽ വിദഗ്ധർ തന്നെ വ്യക്തമാക്കിയതാണ്. വീട്ടിൽ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. 


കൊറോണ പടർന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. ഇത് രോഗികൾക്ക് മാത്രമേ വേണ്ടൂ എന്ന് ചിലർക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങൾക്കും എനിക്കും അങ്ങനെ എല്ലാവർക്കും സാമൂഹ്യാകലം പാലിച്ചേ പറ്റൂ. എന്നാൽ ചിലർ നിരുത്തരവാദിത്തപരമായി പെരുമാറുന്നു. ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാനസർക്കാരുകളും മികച്ച രീതിയിലാണ് ഈ രോഗത്തെ നേരിടുന്നത്. അവരുടെ പ്രവർത്തനത്തെ അഭിനന്ദിച്ചേ പറ്റൂ.


അതിനാൽ ഇന്ന് രാത്രി 12 മണി മുതൽ രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നു. രാജ്യത്തെ ഓരോ പൌരൻമാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതൽ പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്. ജനതാ കർഫ്യൂവിനേക്കാൾ കർശനമായ ലോക്ക് ഡൌണാണ് പ്രഖ്യാപിക്കുന്നത്. ഇതിനാൽ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. എന്നാൽ നമ്മുടെ ജീവൻ രക്ഷിക്കാൻ ഈ നടപടി അനിവാര്യമാണ്. അതിനാൽ ഈ പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്നു." 


കൊവിഡ് പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ട്വിറ്റര്‍ സന്ദേശം വഴി ഈ വിവരം അറിയിച്ചതും പ്രധാനമന്ത്രി തന്നെയാണ്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. ജനതാ കര്‍ഫ്യു അടക്കം നിര്‍ണ്ണായക പ്രഖ്യാപനങ്ങൾ രാഷ്ട്രം ഒറ്റക്കെട്ടായി ഏറ്റെടുത്തു. കൊവിഡ് വ്യാപനം കൂടുതൽ തീവ്രമായതിനെ തുടര്‍ന്ന് കേരളമടക്കം നിരവധി സംസ്ഥാനങ്ങൾ ലോക് ഡൗണിലേക്ക് പോയ സാഹചര്യമാണ് നിലവിലുള്ളത്. പ്രതിരോധ മുൻകരുതൽ നടപടികളോട് പ്രതീക്ഷിച്ച തരത്തിൽ പ്രതികരിക്കുന്നില്ലെന്ന പരാതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. 


കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന് 15,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. രോ​ഗ നി​ര്‍​ണ​യം, ഐ​സ​ലേ​ഷ​ന്‍, ഐ​സി​യു എ​ന്നി​വ​യ്ക്കാ​യാ​ണ് ഈ ​പ​ണം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു. കൊറോണയ്ക്കെതിരെ പടപൊരുതുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, മീഡിയ പ്രവർത്തകർ തുടങ്ങിയ എല്ലാവരേയും നമ്മൾ വീട്ടിലിരുന്നു കൊണ്ട് നന്ദിയോടെ ഓർക്കണം. ഡോക്ടറുടെ അനുവാദമില്ലാതെ കൊറോണയ്ക്കെതിരെ ഒരാളും ഒരുതരത്തിലുള്ള മരുന്നും കഴിയ്ക്കരുതെന്നും അത് ജീവൻ അപകടത്തിലാക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K