31 March, 2020 10:50:29 AM


രാജ്യത്ത് ഇന്ന് 2 കോവിഡ് മരണം: 24 മണിക്കൂറിനുള്ളില്‍ രോഗം പടര്‍ന്നത് 227 പേരില്‍



ദില്ലി: കോവിഡ് 19 ഇന്ത്യയിൽ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 227 പേരിൽ രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാായണ്. ഇന്ത്യയിൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകളുടെ എണ്ണം 1,251 ആയി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 1,117 പേർ ചികിത്സയിലാണ്. 102 പേർ രോഗം ഭേദമായവരാണ്. രാജ്യത്ത് ഇന്ന് മാത്രം രണ്ടുമരണം റിപ്പോർട്ട് ചെയ്തു.


കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ മരണസംഖ്യ 32 ആയി. പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജ്യത്ത് കോവിഡ് 19 കേസുകൾ കൂടുന്നത്. അതിനിടെ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കോവിഡ് 19 ബാധിച്ച് മരിച്ചവർ ദില്ലി നിസാമുദ്ദീനിലെ മതപരമായ പരിപാടിയിൽ പങ്കെടുത്തതായി വ്യക്തമായി. ഇതോടെ നിസാമുദ്ദീൻ പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 


ലോക്ക് ഡൌൺ കാലാവധി നീട്ടാൻ അടിയന്തര പദ്ധതിയില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകളുമായി സംവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൊറോണ വൈറസിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്നത് തടയാൻ അവരോട് ആവശ്യപ്പെട്ടു. ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K