18 May, 2020 12:53:40 PM


പാലക്കാട് പുതിയ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍; ജില്ലയില്‍ 7359 പേര്‍ നിരീക്ഷണത്തില്‍


പാലക്കാട്: കോവിഡ് -19 ന്‍റെ  പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവില്‍ വന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് പ്രസിദ്ധീകരിച്ച പട്ടികയാണിത്. കടമ്പഴിപ്പുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നീ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 10 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.


കടമ്പഴിപ്പുറം പഞ്ചായത്തിലെ 2, 11,  18 വാര്‍ഡുകള്‍, മുതുതല പഞ്ചായത്തിലെ പത്താം വാര്‍ഡ്, കാരാകുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡ്, കോട്ടായി പഞ്ചായത്തിലെ നാലാം വാര്‍ഡ്, മുതലമട പഞ്ചായത്തിലെ 15,  16,  19,  20 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു പ്രദേശത്ത് ഒന്നോ അതിലധികമോ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുക. 


കോവിഡ് 19 മായി ബന്ധപ്പെട്ട്  ജില്ലയില്‍ നിലവില്‍ 7301 പേര്‍ വീടുകളിലും 47 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 6 പേര്‍ ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7359 പേര്‍ നിരീക്ഷണത്തിലുണ്ട്.


പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം സ്വദേശികളും ഓരോ മുതലമട, കുഴല്‍മന്ദം, പട്ടാമ്പി, കാരാകുറുശ്ശി സ്വദേശികളും  ഓരോ മലപ്പുറം, തൃശൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ 12 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്. കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.


ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.  പരിശോധനക്കായി ഇതുവരെ അയച്ച 4426 സാമ്പിളുകളില്‍ ഫലം വന്ന 4214 നെഗറ്റീവും 25 എണ്ണം പോസിറ്റീവാണ്.ഇതില്‍ 13 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 39843 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32484 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7431 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക്  വന്നിട്ടുള്ളത്.


ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി 315 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 155 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്. ചിറ്റൂര്‍ കരുണ മെഡിക്കല്‍ കോളേജില്‍ 24 പേരും എലപ്പുള്ളി അഹല്യ ഹെറിറ്റേില്‍ 19 പേരും ചെര്‍പ്പുളശ്ശേരി ശങ്കര്‍ ഹോസ്പിറ്റലില്‍ 29 പേരും പാലക്കാട് ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ 10 പേരും പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഉള്ള 16 പേരും പട്ടാമ്പി സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലുള്ള 22 പേരും ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ 5 പേരും കുളപ്പുള്ളി അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ 30 പേരും  ഉള്‍പ്പെടെയാണിത്. ജില്ലയില്‍ 160 പ്രവാസികളാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്. 


ഇന്നലെയെത്തിയ പ്രവാസികളില്‍ 51 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്‍റൈനില്‍


ദുബായ്, അബുദാബി, മസ്‌കറ്റ്, മാലിദ്വീപ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം, നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും, കൊച്ചി തുറമുഖങ്ങളിലുമായി മെയ് 17ന് ജില്ലയിലെത്തിയത് 70 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 51 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്. 

ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 15 പാലക്കാട് സ്വദേശികളാണ് എത്തിയത്. ഇവരില്‍ 7 പേര്‍ ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി 8 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് സ്വദേശികളായ 16 പേരില്‍ 13 പേരെ ഇന്‍സ്ടിട്യുഷനല്‍ ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.  

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍നിന്നും വന്ന 20 പേരില്‍ 15 പേരെ കപ്പൂര്‍ സലാഹുദ്ദീന്‍ അയ്യൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഹോസ്റ്റലിലും അഞ്ചു പേരെ  ചാലിശ്ശേരി റോയല്‍ ഡെന്റല്‍  കോളേജിലെ  ഹോസ്റ്റലിലുമാണ് ക്വാറന്റൈനില്‍  പ്രവേശിപ്പിച്ചിരിക്കുന്നത്.

മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാളെ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലില്‍ നിരീക്ഷണത്തിലാക്കി. ബഹറിനില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ നാല് പേരെ എറണാകുളത്ത് തന്നെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 2.6K