04 June, 2020 04:53:51 PM


കോവിഡ് നീരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ വീടുകളില്‍ നോട്ടീസ് പതിക്കുംപാലക്കാട്: വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ നോട്ടീസ് പതിക്കും. ക്വാറന്‍റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതി ഉയരുന്നതിനാലാണിത്. ക്വാറന്‍റൈനില്‍ ഇരിക്കുന്നവരുടെ വീട്ടുകാര്‍ പുറമേയുള്ളവരുമായി ഇടപെടുന്നതില്‍ നിയന്ത്രണമില്ലാത്തതിനാല്‍ സമ്പര്‍ക്കവ്യാപനസാധ്യത ഏറെയാണ്.  ഇത് തുടര്‍ന്നാല്‍ സമൂഹവ്യാപനം ഉണ്ടാകും. അതിനാല്‍ ക്വാറന്‍റൈനില്‍ ഇരിക്കുന്നവരും അവരുടെ വീട്ടുകാരും തമ്മിലുള്ള സമ്പര്‍ക്കം നിയന്ത്രണിക്കുകയും വേണം. ക്വാറന്‍റൈന്‍ ലംഘനമുണ്ടായാല്‍ വാര്‍ഡ് തല സമിതിയേയും പോലീസിനേയും അറിയിക്കാം. 


ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് അന്യസംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും മലയാളികള്‍ എത്താന്‍ തുടങ്ങിയതോടെ പാലക്കാട് ജില്ലയില്‍ കോവിഡ്-19 മൂന്നാംഘട്ടത്തിലേക്ക് കടന്നതായി മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.  മൂന്നാംഘട്ടം രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന തരത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞതും ഭീതിജനകവുമാണെന്നതിനാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ നോട്ടീസ് പതിക്കുമെന്ന് യോഗത്തില്‍ ഡി.എം.ഒ അറിയിച്ചു. ഇക്കാര്യത്തില്‍ വാര്‍ഡ് തല കമ്മിറ്റി, പഞ്ചായത്ത് തല കമ്മിറ്റി എന്നിവ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണമെന്നും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ താഴേത്തട്ടിലേക്ക് നിര്‍ദ്ദേശം നല്‍കി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. ജീവനോപാധികള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഇടപെടലുകള്‍ നടത്തേണ്ടതിനാല്‍ ലോക്ക് ഡൗണ്‍ നീട്ടുക എന്നത് പ്രായോഗികമല്ല. ഉല്‍പ്പാദന - സേവന മേഖലകള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സമ്പദ്ഘടന താറുമാറാകും.അതിനാല്‍ വാണിജ്യ-വ്യാപാര സ്ഥാപനത്തിന്‍റെ സ്വഭാവമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയും കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവ ജീവിതത്തിന്‍റെ ഭാഗമാക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.


പാസ്  ഏര്‍പ്പെടുത്തും


ജില്ലയില്‍ നിന്ന് നിരവധി പേര്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ദിവസേന ജോലിക്കു പോകുന്നുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ മൂലം ഇവരുടെ വരുമാനം നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശനം പരിഹരിക്കും. നിലവില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ ജോലിക്കു വരുന്നവര്‍ക്കായി ജില്ലാ ഭരണകൂടം പാസ് അനുവദിക്കുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.


സ്വകാര്യ ആശുപത്രികളെ ഉപയോഗിക്കും


സമൂഹവ്യാപനസാധ്യത ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സൗകാര്യ ആശുപത്രികളേയും ജീവനക്കാരേയും ഉപയോഗിക്കും. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇടപെടണം. നിലവിലെ സാഹചര്യം പോരാതെ വന്നാല്‍ ടെലിമെഡിസിന്‍ സംവിധാനം വികസിപ്പിക്കും. ആരോഗ്യ സംരക്ഷണത്തിന് കക്ഷിരാഷ്ട്രീയമില്ലാതെ ഇടപെടണം. സര്‍ക്കാര്‍ നിലപാടിനൊപ്പം മതസാമുദായിക സംഘടനകള്‍ സഹകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു.


കോവിഡ് ആശുപത്രിയാക്കുന്നതിനോടൊപ്പം ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി ഒ.പി സൗകര്യം നിലനിര്‍ത്തുക, ഹെല്‍ത്തുസെന്ററുകളില്‍ മുഴുവന്‍ സമയം പരിശോധനാ സൗകര്യം ഉറപ്പു വരുത്തുക, ഫ്‌ളാറ്റുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ മറ്റുള്ളവരുമായ സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കുക, മരണ വീടുകളില്‍ സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക  തുടങ്ങിയ ആവശ്യങ്ങളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചു. ഇവ പരിശോധിച്ച് നടപടിയെടുക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എ.ഡി.എം ഇന്‍ ചാര്‍ജും പാലക്കാട് ആര്‍.ഡി.ഒ യുമായ പി.എ വിഭൂഷണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി.റീത്ത, പാലക്കാട് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍ നരേന്ദ്രനാഥ വേലൂരി എന്നിവര്‍ പങ്കെടുത്തു.
Share this News Now:
  • Google+
Like(s): 4.8K