05 December, 2021 11:49:40 AM


നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെയ്പ്പ്: 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു



കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവെയ്പ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെ കാണാതായി. ആക്രമണത്തിൽ ഒരു ജവാനും വീരമൃത്യു വരിച്ചു. മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. മരിച്ചവര്‍ കൊന്യാക് ഗോത്ര വര്‍ഗത്തില്‍പ്പെട്ടവരാണ്. സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ ആളുമാറി വെടിവെച്ചതാണെന്നാണ് വരുന്ന റിപ്പോർട്ടുകൾ. 

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. വാഹനങ്ങള്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണക്കാരുടെ കൊലപാതകം നിർഭാഗ്യകരമെന്നു മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു.  ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അരങ്ങേറിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങൾ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരു-ഒട്ടിങ് റോഡിൽ ആക്രമണം സുരക്ഷാസേന നടത്താൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ പാരാ കമാന്‍ഡോകള്‍ തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കല്‍ക്കരി ഖനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് മരിച്ചത്. ഇവര്‍ ജോലി കഴിഞ്ഞ് പിക്കപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിയേറ്റത്.

ശനിയാഴ്ച വൈകീട്ട് ആറ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും ഞായറാഴ്ച രാവിലെ ഏഴ് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതായും കൊന്യാക് ഗോത്ര നേതാക്കള്‍ വ്യക്തമാക്കി. വെടിവയ്‌പിൽ ഗ്രാമവാസികൾ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനക്കൂട്ടം, സുരക്ഷാസേനയെ വളഞ്ഞു. സ്വയം പ്രതിരോധത്തിനായി സൈന്യത്തിന് ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കേണ്ടിവന്നതായും നിരവധി ഗ്രാമീണർക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാസേനയുടെ നിരവധി വാഹനങ്ങൾക്ക് ജനക്കൂട്ടം തീയിട്ടു. ​കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഗോത്ര നേതാക്കള്‍ പ്രതികരിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K