04 January, 2022 09:58:23 AM


തോക്കുമായി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍



കോയമ്പത്തൂർ: കോയമ്പത്തൂർ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ പാലക്കാട് ഡിസിസി വൈസ്  പ്രസിഡണ്ട് കെഎസ്ബിഎ തങ്ങളിൽ നിന്നും റിവോൾവർ പിടികൂടി. കോയമ്പത്തൂരിൽ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്‍റെ ബാഗിൽ നിന്നും റിവോൾവർ പിടിച്ചെടുത്തത്.

തുരുമ്പിച്ച പഴയ റിവോൾവറും ഏഴ് വെടിയുണ്ടകളുമാണ് കൈവശം ഉണ്ടായിരുന്നത്. എന്നാൽ അധികൃതർക്ക് മുൻപാകെ തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസൻസ് ഹാജരാക്കാൻ കഴിയാതെ വന്നതോടെ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. തുടർന്ന് കോയമ്പത്തൂർ പീളമേട് പൊലീസിന് കൈമാറി. രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പഞ്ചാബ് അമൃത് സറിലേക്ക് പോവുന്നതിനായിരുന്നു ഇദ്ദേഹത്തിൻ്റെ യാത്ര. കോയമ്പത്തൂരിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സസറിലേക്കും പോവുകയായിരുന്നു ലക്ഷ്യം. എന്നാൽ തോക്ക് പിടികൂടിയതോടെ യാത്ര മുടങ്ങി. വർഷങ്ങളായി തോക്ക് കൈവശം വെച്ചു വരുന്നയാളാണ് കെഎസ്ബിഎ തങ്ങൾ. എന്നാൽ ലൈസൻസ് പുതുക്കിയിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.


Share this News Now:
  • Google+
Like(s): 4.8K