27 April, 2022 11:42:48 AM


ലൈംഗികപീഡനം: വിശദീകരണം പാളി; നടൻ വിജയ് ബാബുവിനെതിരേ ഒരു കേസ് കൂടി



കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസിനു പുറമേ മറ്റൊരു കേസ് കൂടി. ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പുതിയ കേസ് എടുത്തത്. കോഴിക്കോട് സ്വദേശിനിയാണ് വിജയ് ബാബുവിനെതിരേ മാനഭംഗപ്പെടുത്തിയതായി കേസ് നൽകിയത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരുന്നത്.

ഇന്നലെ രാത്രി വൈകി ഇതിനുള്ള വിശദീകരണവുമായി വിജയ് ബാബു സോഷ്യൽ മീഡിയയിൽ എത്തി. ഈ വിശദീകരണത്തിനിടയിലാണ് പരാതി നൽകിയ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെൺകുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തിൽ പറയാൻ ശ്രമിച്ചത്.

ഇതിനിടയിൽ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന് പുതിയ കുരുക്കായി മാറിയിരിക്കുന്നത്. 400 മെസേജുകളുടെ സ്ക്രീൻ ഷോട്ട് തന്‍റെ കൈവശമുണ്ടെന്നും നടൻ പറഞ്ഞിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിച്ചതെന്നാണ് പരാതി. എറണാകുളത്തെ ഫ്ലാറ്റിൽവച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

ഈ മാസം 22 നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തി. നേരത്തെ നടിയും നിർമാതാവുമായ സാന്ദ്രാ തോമസുമായി ഉണ്ടായ പ്രശ്നങ്ങളും വിജയ് ബാബുവിനെ വിവാദത്തിലാക്കിയിരുന്നു. സാന്ദ്രയും വിജയ്ബാബുവും നിർമാണ പങ്കാളികളായിരുന്നു.

ഇതിനിടയിലുണ്ടായ ബിസിനസ് തർക്കത്തിനിടെ വിജയ് ബാബു സാന്ദ്രയെ ഓഫീസിൽ കയറി മർദിച്ചെന്നായിരുന്നു പരാതി. മർദനമേറ്റെന്നാരോപിച്ചു സാന്ദ്ര ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഈ പ്രശ്നം പിന്നീട് ഇരുവരും രമ്യമായി പരിഹരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K