22 September, 2026 07:28:09 PM
ചിറയിന്‍കീഴ് കയ്യാങ്കളി; രമ്യ ഹരിദാസിന് താക്കീത്; പാളയം പ്രദീപിനെ സ്റ്റാഫ് ആക്കേണ്ടന്ന് നേതൃത്വം

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള കയ്യാങ്കളിയിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് കെപിസിസി താക്കീത് നൽകി. കെപിസിസി ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് പാര്‍ട്ടി അധ്യക്ഷന്‍ സണ്ണി ജോസഫ് താക്കീത് നൽകിയത്. കോൺഗ്രസ് നേതാവും പഞ്ചായത്തംഗവുമായ സജിത്ത മുട്ടപ്പാലത്തിനും താക്കീത് നൽകി.
പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫാക്കേണ്ടതില്ലെന്ന് നേതൃത്വം രമ്യ ഹരിദാസിനെ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ പരസ്യമായ പൊതുപ്രതികരണങ്ങൾ പാടില്ലെന്നും, ഇരുവിഭാഗവും നൽകിയ കേസുകൾ ഉടൻ പിൻവലിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
കയ്യാങ്കളിയെ തുടർന്ന് രമ്യയുടെ സഹായിയും കെപിസിസി അംഗവുമായ പാളയം പ്രദീപ്, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് ജനറൽ കെ സെക്രട്ടറി എസ്. സജാദ് എന്നിവരെ നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഈ നടപടിക്ക് പിന്നാലെ പാളയം പ്രദീപിനെ സ്റ്റാഫാക്കി നിയമിക്കാൻ രമ്യ ഹരിദാസ് നടത്തിയ നീക്കം പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് വഴിവച്ചു.
ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. എംഎൽഎയുടെ ഔദ്യോഗിക സ്റ്റാഫിൽ പെടാത്തയാൾ യോഗത്തിൽ പങ്കെടുത്തതിനെതിരെ പ്രാദേശിക നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ചോദ്യം ചെയ്തിരുന്നു. തർക്കം പിന്നീട് കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിക്കുകയായിരുന്നു. എംഎൽഎയും സംഘവും തന്നെയും കുടുംബത്തെയും അപമാനിക്കാൻ എത്തിയെന്ന് കാണിച്ച് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്. സജാദും രംഗത്തെത്തി.






