18 September, 2026 10:09:31 AM
ടോമിന്‍ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം; ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു. കഴിഞ്ഞ ദിവസം ജയിലിലെത്തിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടറുടെ വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും തച്ചങ്കരിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പുറത്തെ ആശുപത്രിയിലേക്ക് മാറ്റണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. പൂജപ്പുര സെൻട്രൽ ജയിലിലെ 475/26-ാം നമ്പർ തടവുകാരനാണ് ടോമിൻ ജെ. തച്ചങ്കരി.
കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ കഠിനതടവും 30.84 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. 2003-2007 കാലയളവിൽ ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ് 64.70 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കേരളത്തിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.






