21 September, 2026 01:22:23 PM


കറങ്ങിനടന്ന് മോഷണം; അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ കൊച്ചിയില്‍ പിടിയില്‍



കൊച്ചി: വിമാനത്തില്‍ വന്ന് മോഷണം നടത്തുന്ന അന്തര്‍സംസ്ഥാന സംഘം പൊലീസിന്റെ വലയില്‍. 11 പേരെയാണ് പലയിടങ്ങളില്‍ നിന്നായി പൊലീസ് പിടികൂടിയത്. ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലേക്ക് എത്തി അവിടെ നിന്നും വിവിധ ജില്ലകളിലേക്ക് സംഘമായി തിരിഞ്ഞാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്. മോഷണ ശേഷം ഒരുമിച്ച് വിമാനം കയറി തിരികെ പോകുന്നതാണ് പ്രതികളുടെ രീതി.

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ എന്നിവിടങ്ങളില്‍ നിന്ന് കോപ്പര്‍ വയറുകള്‍ ശേഖരിച്ച് വില്‍ക്കുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇവരുടെ കയ്യില്‍ നിന്നും പണവും എടിഎം കാർഡുകളും കട്ടറുകളും സ്‌ക്രൂ ഡ്രൈവുകളും ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നും ബൈക്കുകളും മറ്റും ട്രെയ്നിൽ കയറ്റി കേരളത്തില്‍ എത്തിച്ച് അതില്‍ കറങ്ങിയാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത്.

തൃശ്ശൂര്‍ സിറ്റി പൊലീസിന്റെ പരിധിയില്‍ നിന്നാണ് ആദ്യ പ്രതി അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കളമശ്ശേരിയിലും കണ്ണൂരിലും സമാനമായ രീതിയില്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നുണ്ടായ പരിശോധനയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് 5 പേരെയും കളമശ്ശേരി പൊലീസ് 5 പേരെയും പിടികൂടുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നേരത്തെ കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നാല് ഇരുചക്ര വാഹനങ്ങളും തൊണ്ടിമുതലുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തൃശ്ശൂര്‍, കളമശ്ശേരി, കണ്ണൂര്‍ പൊലീസുകളുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 306