19 September, 2026 12:40:22 PM
അബ്കാരി കേസ്; ആൻ്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയിൽ വിട്ടു

കല്‍പ്പറ്റ: അബ്കാരി കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു. വീട്ടില്‍ മദ്യശേഖരം കണ്ടെത്തിയ കേസില്‍ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെയുള്ള 24 മണിക്കൂര്‍ നേരം ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതിനായാണ് എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടത്. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്നുതന്നെ ആന്റോയെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എക്‌സൈസ് നീക്കം.
മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നുമുള്ള എക്സൈസ് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആൽക്കഹോൾ അടങ്ങിയ പാനീയം എവിടെ നിർമിച്ചു എന്ന് അറിയേണ്ടതുണ്ട്. മദ്യം എവിടെനിന്ന് കൊണ്ടുവന്നു, ഏത് മാർഗം കൊണ്ടുവന്നു എന്നെല്ലാം അന്വേഷിക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.






