09 May, 2022 12:25:58 PM


'അനധികൃതമെങ്കിൽ കയ്യേറ്റം ഒഴിപ്പിക്കാം; സിപിഎം എന്തിന് ഹർജി നൽകുന്നു?' - സുപ്രീംകോടതി



ന്യൂഡൽഹി: ഷഹീൻബാഗിലെ കയ്യേറ്റങ്ങൾ അനധികൃതമെങ്കിൽ നീക്കം ചെയ്യാമെന്ന് സുപ്രീം കോടതി. എല്ലാ ഒഴിപ്പിക്കലും തടയാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നേരിട്ട് സുപ്രീം കോടതിയിലേക്ക് വരരുതെന്നും നിർദ്ദേശിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒഴിപ്പിക്കലിനെതിരെ ഹർജി നൽകിയ സിപിഎമ്മിനെയും സുപ്രീംകോടതി വിമർശിച്ചു. സിപിഎം എന്തിനാണ് ഹർജി നൽകിയതെന്നും കോടതി ചോദിച്ചു.


ഈ വിഷയത്തില്‍ ഷഹീന്‍ബാഗിലെ ഒരുവ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയാണ് സമീപിച്ചിരിക്കുന്നതെന്നും കോടതി വിലയിരുത്തി. അതിനാല്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്നായിരുന്നു ജസ്റ്റിസ് നാഗേശ്വര്‍ റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. വേണമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതിയെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പിന്നാലെ സിപിഎം ഹർജി പിൻവലിച്ചു.


കോർപറേഷൻ പറയുന്നതുപോലെ അനധികൃത കയ്യേറ്റങ്ങളല്ല ഷഹീൻഹാഗിലേതെന്നാണ് ഹർജിയിൽ പറയുന്നത്. അനധികൃതമായ എല്ലാ കയ്യേറ്റങ്ങളും തന്റെ നിർദേശത്തെ തുടർന്ന് നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനും പ്രസ്താവിച്ചിരുന്നു. നിലവിൽ അനധികൃത കയ്യേറ്റങ്ങളൊന്നും ഇല്ലെന്നാണ് അമാനത്തുള്ള അറിയിച്ചത്. നേരത്തെ ജഹാംഗീർപുരിയിലും സമാനമായ ഒഴിപ്പിക്കൽ നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് കോടതി ഇടപെട്ട് നടപടികൾ നിർത്തിവയ്പ്പിക്കുകയായിരുന്നു.


അതേസമയം, ജഹാംഗീര്‍പുരിയിലെ പൊളിച്ചുനീക്കല്‍ നടപടികള്‍ ഒരുമതവിഭാഗത്തെ ലക്ഷ്യംവെച്ചല്ലെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കോര്‍പ്പറേഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജഹാംഗീര്‍പുരിയില്‍ വീടുകളോ കടകളോ പൊളിച്ചുനീക്കിയിട്ടില്ലെന്നും ഏപ്രില്‍ 20 നും അതിനുമുമ്പും നടന്ന ഒഴിപ്പിക്കല്‍ നടപടികളില്‍ അനധികൃത കെട്ടിടങ്ങള്‍ മാത്രമാണ് പൊളിച്ചുനീക്കിയതെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K