13 June, 2022 08:51:33 AM


ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക്; നടപടികൾ തുടങ്ങി



ജലന്ധർ : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു. പീഡന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ 2018 ലാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധ്യക്ഷ പദവിയിൽ നിന്നും നീക്കിയത്. ഉടൻ ചമതലയേൽക്കുമെന്ന് ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കി.

ബലാത്സം​ഗ കേസിൽ പ്രതിയായതിനെ തുടർന്ന് 2018ലാണ് ബിഷപ്പ് ദവിയിൽ നിന്ന് താത്കാലികമായി മാറ്റി നിർത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്. ജലന്ധർ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയിൽ കോട്ടയം കോൺവെൻറിലെത്തിയപ്പോൾ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദർ സുപ്പീരിയർ എന്ന പദവിയിൽ നിന്ന് സാധാരണ കന്യാസ്ത്രിയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയിൽ ആദ്യമായാണെന്നും അവർ പറഞ്ഞു. ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവർ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാർ പോലും സഭയിൽനിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K