16 June, 2019 10:29:33 PM


ശശി വിഷയം: പാലക്കാട് ഡി.വൈ.എഫ്.ഐയില്‍ പൊട്ടിത്തെറി; പരാതിക്കാരിയായ യുവതി രാജിവച്ചു



പാലക്കാട്: ഡി.വൈ.എഫ്.ഐയില്‍ പൊട്ടിത്തെറി. പി.കെ ശശി എം.എല്‍.എയ്ക്ക് എതിരെ പരാതി നല്‍കിയ വനിതാ നേതാവ് രാജിവച്ചു. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ് യുവതി. പി.കെ ശശിക്കെതിരെ നിലപാട് എടുത്തവരെ തരംതാഴ്ത്താന്‍ തീരുമാനിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഭാരവാഹികളെ മാറ്റാനും നിര്‍ദ്ദേശിച്ചിരുന്നു.


വനിതാ നേതാവിന്റെ പീഡന പരാതിയില്‍ പി.കെ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടി അച്ചടക്ക നടപടി കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ശശിയെ കഴിഞ്ഞ നവംബര്‍ 26നാണ് സി.പി.എം സസ്‌പെന്‍ഡ് ചെയ്തത്. ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെത്തത്.


യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റി അംഗങ്ങളായ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരുടെ ശിപാര്‍ശയിലാണ് ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. യുവതിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടി എടുക്കാമെന്നുമായിരുന്നു കമ്മീഷന്റെ ശിപാര്‍ശ.


യുവതിയുടെ പരാതിയില്‍ പാര്‍ട്ടി പി.കെ ശശിയുടെ വിശദീകരണം തേടിയിരുന്നു. ശശി നല്‍കിയ വിശദീകരണം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെയായിരുന്നു അച്ചടക്ക നടപടി. യുവതിയുമായി ശശി നടത്തിയ ഫോണ്‍ സംഭാഷണം തെളിവായി അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K