21 July, 2019 08:10:56 PM


പിരിവെടുത്ത് കാർ വേണ്ട; കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകൾ അനുസരിക്കുന്നു - രമ്യ ഹരിദാസ്



ആലത്തൂര്‍: കാര്‍ വാങ്ങുന്നതിന് യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെ വാഗ്ദാനം നിരസിച്ച് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കുകൾ അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യമാകണമെന്നാണ് ആഗ്രഹമെന്നും അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമ്യ ഹരിദാസ് നിലപാട് വ്യക്തമാക്കിയത്.


രമ്യ വിയോജിപ്പ് അറിയിച്ചതോടെ പിരിവെടുത്തു കാർ വാങ്ങാനുള്ള തീരുമാനം യൂത്ത് കോൺഗ്രസ് ഉപേക്ഷിക്കും. എന്നെ ഞാനാക്കിയ എന്‍റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്‍റെ അവസാന ശ്വാസമെന്നും രമ്യ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ, ഒരു യൂത്ത് കോണ്‍ഗ്രസുകാരി എന്ന നിലയില്‍ ജീവിതത്തില്‍ ഏറെ അഭിമാനകരമായ നിമിഷമാണിത് എന്നാണ് കാര്‍ വാങ്ങുന്നതിനുള്ള യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനത്തെ കുറിച്ച് രമ്യ പ്രതികരിച്ചത്.


ഇത് ആലത്തൂരുകാര്‍ക്ക് വേണ്ടിയുള്ള വാഹനമാണ്. ആലത്തുകാരിലേക്ക് എത്രയും വേഗം ഓടിയെത്തുക എന്നതാണ് തന്‍റെ ചുമതല. എംപിയെ സഹായിക്കുക എന്നതിലുപരി അങ്ങനെ ഒരു ആവശ്യത്തിന് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു എന്നതില്‍ അഭിമാനിക്കുന്നു. ആലത്തൂരിലെ സാധാരണക്കാര്‍ അവര്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത ആലത്തൂരിലെ ഒരു സാധാരണക്കാരിയാണ് താനെന്നും രമ്യ പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K