09 August, 2019 12:21:49 AM


ഭാര്യയുടെ ആത്മഹത്യ; ബാഹുബലി താരം മധുപ്രകാശ് സ്ത്രീധന പീഡനത്തിന് അറസ്റ്റില്‍



ദില്ലി: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാഹുബലി താരം മധു പ്രകാശിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് ഭാര്യ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മധുവിനെ അറസ്റ്റ് ചെയ്തത്. റായ്ദുര്‍ഗം പോലീസിലാണ് മധുവിന്റെ ഭാര്യ ഭാരതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്.


സ്ത്രീധനം ആവശ്യപ്പെട്ട് ഭാരതിയെ മധു മര്‍ദ്ദിച്ചിരുന്നുവെന്നും ഇതേതുടര്‍ന്നാണ് മകള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഭാരതിയുടെ പിതാവ് ആരോപിച്ചു. ഭാരതിയുടെ പിതാവിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304ബി (സ്ത്രീധന പീഡനം) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 2015ലാണ് മധുവും ഭാരതിയും വിവാഹിതരായത്. മധുവിന് സഹതാരവുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


താരത്തിന്റെ വൈകിയുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകളിലും ഭാരതി അതൃപ്തയായിരുന്നു. ചൊവ്വാഴ്ച രാവിലെ ജിമ്മിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ മധു ഷൂട്ടിംഗ് സെറ്റിലേക്കാണ് പോയത്. ഇക്കാര്യം അറിഞ്ഞ ഭാരതി മധുവിനെ വിളിച്ച് വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വന്നില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്നും അവര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ മധു ഇത് കാര്യമാക്കിയില്ല. വൈകിട്ട് ഏഴരയോടെ വീട്ടില്‍ മടങ്ങി എത്തിയപ്പോള്‍ ഭാരതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K