22 August, 2019 05:04:22 PM


വാഴയുടെ നഷ്ടപരിഹാര തുക നല്‍കിയില്ല : കാഞ്ഞിരപ്പുഴ കൃഷി ഓഫീസില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു



പാലക്കാട്: കാഞ്ഞിരപ്പുഴയിൽ കർഷക യുവാവിന്‍റെ ആത്മഹത്യാശ്രമം. നാടകീയ രംഗങ്ങൾക്കൊടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പ്രതിരോധത്തിൽ ജീവൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. പൂഞ്ചോല കോടിക്കൽ വീട്ടിൽ കെ.സി.ജോബിയാണ് ബുധനാഴ്ച കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ കൃഷിഭവൻ പരിസരത്ത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതുമായി ബന്ധപ്പെട്ട് കൃഷി ഓഫീസറുമായുള്ള തർക്കത്തിനൊടുവിൽ ക്യാനിൽ കൊണ്ടു വന്ന പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.



വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.മണികണ്ഠന്‍റെ നേതൃത്വത്തിൽ നാട്ടുകാരെത്തി തടഞ്ഞതോടെയാണ് ദുരന്തം ഒഴിവായത്. 2017ൽ 9000 രൂപ പ്രീമിയം നല്‍കി ഇൻഷ്വര്‍ ചെയ്ത മൂവായിരം വാഴകൾ നശിച്ചു പോയതിന്‍റെ നഷ്ടപരിഹാരമാണ് തനിക്ക് ലഭിക്കാനുള്ളതെന്ന് ജോബി പറയുന്നു. ഇക്കാര്യത്തിൽ കൃഷി ഓഫീസിന്‍റെ അനാസ്ഥ മൂലമാണ് കാലതാമസം നേരിട്ടു കൊണ്ടിരിക്കുന്നത്. നശിച്ചുപോയ കൃഷിക്കായി എടുത്തിരുന്ന വായ്പയിൽ പലിശ കയറി കടക്കെണിയിലായി. ഇന്‍ഷ്വര്‍ തുക ഇല്ലെങ്കില്‍ അടച്ച പ്രിമിയം എങ്കിലും തിരികെ ലഭ്യമാക്കാന്‍ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥർ തട്ടികയറുകയായിരുന്നുവെന്നും ജോബി പറയുന്നു. ഈ നിലയില്‍ ആത്മഹത്യയല്ലാതെ വഴിയില്ലെന്നു മനസിലാക്കിയാണ് 5 ലിറ്റര്‍ പെട്രോളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ജോബി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K