01 October, 2019 11:37:31 AM


തലയും മുഖവും ഷാളു കൊണ്ട് മറച്ച് സ്കൂട്ടര്‍ യാത്ര; പിന്തുടര്‍ന്ന് പിടിച്ച പോലീസിന് നേരെ യുവതിയുടെ കയ്യേറ്റശ്രമം




കാസര്‍ഗോഡ്: പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ യുവതിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. വാഹന പരിശോധനയ്ക്കിടെയായിരുന്നു യുവതിയുടെ അഭ്യാസം. KL 60 P 9455 നമ്പര്‍ സ്കൂട്ടര്‍ ഉടമയ്ക്കെതിരെയാണ് കേസ്. നീലേശ്വരം ചിറപ്പുറം സ്വദേശിനിയായ ഇവര്‍ പടന്നക്കാട്ടാണ് താമസം. ചൊവ്വാഴ്ച രാവിലെ വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും യുവതി നിര്‍ത്താതെ പോവുകയായിരുന്നു.


ഹെല്‍മറ്റ് ധരിക്കാതെയും തലയും മുഖവും ഷാളു കൊണ്ട് മറച്ചും യുവതി സ്‌കൂട്ടര്‍ ഓടിച്ചെത്തിയത്. നിര്‍ത്താതെ പോയതോടെ പോലീസും പിന്തുടര്‍ന്നു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി അക്രമാസക്തയായെന്നു പോലീസ് പറഞ്ഞു. പോലീസിനും സംഭവത്തില്‍ ഇടപെട്ട നാട്ടുകാര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കുമെതിരെ കയ്യേറ്റത്തിനും മുതിര്‍ന്നു.


ഈ പരാക്രമങ്ങളെല്ലാം പോലീസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വനിതാ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനുമാണു കേസ്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫിസിലെത്തിയ യുവതി നീലേശ്വരം എസ്എച്ച്ഓക്കെതിരെ ഡിവൈഎസ്പി പികെ സുധാകരനു പരാതി നല്‍കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.1K