23 November, 2019 09:08:59 PM


ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് സെക്‌സി ദുര്‍ഗ തിയറ്ററില്‍ കണ്ട മലയാള ചലച്ചിത്ര പ്രവര്‍ത്തകയ്ക്ക്



കൊച്ചി: നിമിഷ സജയൻ നായികയായി എത്തുന്ന സനല്‍ കുമാര്‍ – ശശിധരന്‍ ചിത്രം ചോല ഡിസംബര്‍ ആറിന് തിയറ്ററുകളിലെത്തും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നിമിഷ സജയന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തത് ചോലയിലെ പ്രകടനമായിരുന്നു. ഇപ്പോഴിതാ നടി നിമിഷയെക്കുറിച്ച് സനല്‍കുമാര്‍ ശശിധരന്‍ പങ്കുവച്ച കുറിപ്പ് വൈറലാകുകയാണ്.


"നിമിഷ സജയന്‍ നാളെയുടെ ഫിലിം മേക്കറാണ്. അവരുടെ വരകളിലും വരികളിലും അത് പ്രകടമാണ്. അപാരമായ ഫ്രെയിമിങ് സെന്‍സുള്ള സ്ത്രീ. ചോലയില്‍ അവര്‍ ശ്രദ്ധയില്‍ പെടുത്തിയ ഒരു ഷോട്ടുണ്ട്. സൂക്ഷ്മതയെ ഒപ്പിയെടുക്കാനുള്ള അഭിനിവേശം ആ ചൂണ്ടിക്കാട്ടലിലുണ്ട്.


ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും ക്യാമറക്കണ്ണിലൂടെ ഒളിഞ്ഞു നോക്കുന്ന കണ്ണുകളാണ് നിമിഷയ്ക്ക്. സെക്‌സി ദുര്‍ഗ തിയറ്ററില്‍ നിന്നും കണ്ട ഏക മലയാള ചലച്ചിത്ര പ്രവര്‍ത്തക അവരായിരിക്കും. ഏറെ മുമ്പ് എഴുതി നടന്ന് തളര്‍ന്നുപേക്ഷിച്ച ഒരു സ്‌ക്രിപ്റ്റിനെ കുറിച്ച് വീണ്ടും ഓര്‍ക്കുന്നതു തന്നെ സെക്‌സിദുര്‍ഗയുടെ പ്രദര്‍ശനം എറണാകുളത്തെ ഒരു തിയറ്ററില്‍ നടക്കുമ്പോള്‍ അവിടെ വച്ച് അവരെ കാണുമ്പോഴാണ്.


ഈടയും തൊണ്ടിമുതലും കണ്ടിഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവരെ ഉള്‍പെടുത്തി ഒരു സിനിമ ചെയ്യണമെന്നൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. പക്ഷേ സെക്‌സിദുര്‍ഗ തിയറ്ററില്‍ നിന്നു കാണണമെന്ന് അവര്‍ക്ക് തോന്നി എന്നത് ഇവരോടൊപ്പം സിനിമ ചെയ്യണമല്ലോ എന്ന ഒരാഗ്രഹമുണ്ടാക്കി. അങ്ങനെയാണ് ചോലക്ക് ജീവന്‍ വെക്കുന്നത്. 


നിമിഷയ്ക്ക് ചോലയില്‍ അങ്ങനെയൊരു റോളുണ്ടായിരുന്നെന്ന് നിമിഷയ്ക്കറിയില്ല ഇതുവരെ. ജനങ്ങള്‍ കാണും മുമ്പേ തന്നെ ചോല, നിമിഷ സജയന്‍ എന്ന നടിയെ എക്കാലത്തേക്കും അടയാളപ്പെടുത്തി എന്നതില്‍ വലിയ സന്തോഷമുണ്ട്. ഡിസംബര്‍ 6- ന് അവര്‍ കാണികളുടെ ഹൃദയം കീഴടക്കും."




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K