18 December, 2019 07:25:36 PM


സൗദിയില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം



റിയാദ്: സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം. ഉത്തര്‍പ്രദേശ് സ്വദേശികളായ ഷൗക്കത്ത് അലി, ബൈരിലാല്‍ ശിവ് ബാലക്, രാജസ്ഥാനി ഗീവര്‍ദാലി ചന്ദ്, മുംബൈ സ്വദേശി ഫൈദ ഹുസ്സൈന്‍ സിദ്ധീഖി എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 700 കിലോമീറ്ററകലെ മക്ക റൂട്ടില്‍ താഇഫില്‍ തൊഴിലാളികള്‍ സഞ്ചരിച്ച മിനി ട്രക്കും സൗദി യുവാവിന്‍റെ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. 


താഇഫില്‍ നിന്ന് സെയിലുല്‍ കബീര്‍ വഴി മക്കയിലേക്കുള്ള റോഡില്‍ ശറഫിയ എന്ന സ്ഥലത്ത് ബുധനാഴ്ച രാവിലെ ഏഴു മണിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡ് ഡിവൈഡറില്‍ തട്ടി ട്രക്ക് മറിഞ്ഞു. സംഭവസ്ഥലത്ത് തന്നെ നാലുപേരും മരിച്ചു. നെസ്മ കമ്പനിയുടെ ജീവനക്കാരായ 24 പേര്‍ സഞ്ചരിച്ച ട്രക്കിനെ അതിവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ താഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K