04 March, 2020 10:50:54 AM


രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുന്നു; രോഗം സ്ഥിരീകരിച്ചത് 12 പേരില്‍


uploads/news/2020/03/377735/covid---India.jpg


ദില്ലി: കോവിഡ് 19 ലോകമെമ്പാടും പടര്‍ന്നുപിടിക്കുമ്പോള്‍ ഇതുവരെയും രാജ്യത്തെ ജനങ്ങള്‍ ഒരു പരിധിവരെ ആശങ്കയൊഴിഞ്ഞ അവസ്ഥയിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം ചുരുങ്ങിയ ദിവസംകൊണ്ട് 12 ആയി. കേരളത്തില്‍, വിദേശത്തു നിന്നെത്തിയ യുവാവ് മരിച്ച സംഭവത്തില്‍ വൈറസ് ബാധയല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചെങ്കിലും അതീവസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.


കഴിഞ്ഞ ദിവസം ദില്ലിയില്‍ രോഗം സ്ഥിരീകരിച്ച ആളുമായി ഇടപഴകിയ കുടുംബാംഗങ്ങളിലും, ഇറ്റലിയില്‍ നിന്നെത്തിയ വിനോദസഞ്ചാരിയുടെ ഭാര്യയ്ക്കുമാണ് രോഗാണു ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നു പേര്‍ക്കും രോഗം ഭേദമായി. ഇവര്‍ ആശുപത്രിയില്‍ നിന്ന് മടങ്ങി. എന്നാല്‍, കോവിഡിനെ ഭീതിയോടെ കാണേണ്ടതില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.


ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കാനും പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇന്നലെവരെ അനുവദിച്ചിരുന്ന മുഴുവന്‍ വിസകളും റദ്ദാക്കിയതായും അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍റെ നേതൃത്വത്തില്‍ ഇന്നലെ പ്രത്യേകയോഗം വിളിച്ചുചേര്‍ത്തിരുന്നു.


ദില്ലിയില്‍ രോഗബാധ സ്ഥിരീകരിച്ച ആളെ ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്ന് സഫ്ദര്‍ജങ്ങിലേക്ക് മാറ്റി. ഇയാളുടെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത സഹപാഠികളേയും നിരീക്ഷിച്ചുവരികയാണ്. ഈ കുട്ടികള്‍ പഠിക്കുന്നതടക്കം നോയിഡയിലെ 2 സ്‌കൂളുകളാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്തവരോടും പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K