06 January, 2026 06:15:20 PM
വടവാതൂരില്‍ ദേശീയ വിരവിമുക്ത ദിനാചരണം നടത്തി

കോട്ടയം: ദേശീയ വിരവിമുക്ത ദിനാചരണത്തോനടുബന്ധിച്ചുള്ള ജില്ലാതല പരിപാടി വടവാതൂർ പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു. വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി.
ജില്ലയിൽ ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കാണ് വിരഗുളിക (ആൽബൻഡസോൾ) നൽകിയത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിൽ സൗജന്യമായാണ് ഗുളികവിതരണം. സ്‌കൂളിൽ പോകാത്ത കുട്ടികൾക്ക് അങ്കണവാടികളിൽനിന്നു ഗുളിക വിതരണം ചെയ്തു. ഏതെങ്കിലും കാരണത്താൽ ചൊവ്വാഴ്ച ഗുളിക കഴിക്കാൻ കഴിയാത്ത കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകും.
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ.പ്രിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ വ്യാസ് സുകുമാരൻ, പ്രിൻസിപ്പൽ ജോളി വിൻസന്റ്, പാറാമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ജി. രശ്മി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ. പ്രസീദ, എം.സി.എച്ച് ഇൻ ചാർജ് എ.ആർ. സുജാത, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആർ. ദീപ എന്നിവർ പങ്കെടുത്തു.





