05 January, 2026 06:28:58 PM


ദേശീയ വിരവിമുക്ത ദിനാചരണം: ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച



കോട്ടയം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച (ജനുവരി 6) വടവാതൂർ പി.എം. ശ്രീ. ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും.   ഉച്ചയ്ക്ക് 2.30ന് വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി പരിപാടി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു അമ്പലത്തിങ്കൽ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ചേതൻകുമാർ മീണ മുഖ്യാതിഥിയായി പങ്കെടുക്കും.

ഒന്നു മുതൽ 19 വയസ്സുവരെയുള്ള ജില്ലയിലെ 363941 കുട്ടികൾക്ക് വിരഗുളിക (ആൽബൻഡമ്പോൾ) നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പ്രിയ. എൻ അറിയിച്ചു. ജില്ലയിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകളിൽ സൗജന്യമായി ഗുളിക വിതരണം ചെയ്യും. സ്‌കൂളിൽ പോകാത്ത കുട്ടികൾക്ക് അങ്കണവാടികളിൽനിന്ന് ഗുളിക കഴിക്കാം.

ആ ദിവസം വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികൾക്ക് അവിടെനിന്നും, വിദ്യാലയങ്ങളിൽ എത്താത്ത 1 മുതൽ 19 വയസ്സുവരെ പ്രായമുളള കുട്ടികൾക്ക് അങ്കണവാടികളിൽ നിന്നും ഗുളിക നൽകുന്നതാണ്.  ഏതെങ്കിലും കാരണത്താൽ ജനുവരി ആറിന് ഗുളിക കഴിക്കുവാൻ സാധിക്കാതെ പോയ കുട്ടികൾക്ക് ജനുവരി 12ന് ഗുളിക നൽകുന്നതാണ്.

ഒന്നു മുതൽ 2 വയസ്സുവരെയുള്ള കുട്ടികൾക്ക് അര ഗുളികയും രണ്ട് മുതൽ മൂന്നു വയസ്സു വരെയുള്ള കുട്ടികൾക്ക് ഒരു ഗുളികയും ആഹാരശേഷം തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം അലിയിച്ച് നൽകുക. മൂന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾ ഉച്ചഭക്ഷണശേഷം തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് ഗുളിക കഴിക്കുന്നുവെന്ന് മാതാപിതാക്കളും അധ്യാപകരും അധ്യാപകരും ഉറപ്പു വരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935