04 March, 2020 09:43:23 PM


കൊറോണ വൈറസ്; കോട്ടയം ജില്ലയില്‍ പത്തു പേര്‍കൂടി നിരീക്ഷണത്തില്‍



കോട്ടയം: കൊറോണ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്നും കോട്ടയം ജില്ലയിലെത്തിയ പത്തു പേര്‍ക്കുകൂടി വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍നിന്നെത്തിയ ആറു വിദ്യാര്‍ഥികളില്‍ അഞ്ചു പേരെ മാര്‍ച്ച് നാല് വരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 46 പേരാണ് ഹോം ക്വാറന്റയിനിലുള്ളത്. 


കൊറോണ രോഗലക്ഷണങ്ങളുമായി ആരെയും ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ താമസിപ്പിച്ചിട്ടില്ല. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലി, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍നിന്നെത്തിയ മൂന്നുപേര്‍വീതവും അമേരിക്കയില്‍നിന്ന് അവധിക്കെത്തിയ ഒരാളുമാണ് പുതിയതായി നിരീക്ഷണത്തിലുള്ളത്. 


വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുകയും മുറിയില്‍തന്നെ കഴിയുകയും മുഖാവരണം ധരിക്കുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.


കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്  കഴുകുകയും കൈകള്‍ വൃത്തിയാക്കുന്നതിനായി സാനിറ്റൈസര്‍ എപ്പോഴും കൈവശം കരുതുകയും വേണം. ഐസ് ക്രീം, തണുത്ത ഭക്ഷണ സാധനങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഇടയ്ക്കിടെ ചൂടുവെള്ളം കുടിക്കണം. ഉപ്പിട്ട ചൂടുവെള്ളംകൊണ്ട് തൊണ്ട ശുചീകരിക്കുകയും വേണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K