06 March, 2020 03:17:41 PM


കൊറോണ: മാതാ അമൃതാനന്ദമയീദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത് നിർത്തിവെച്ചു




കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാതാ അമൃതാനന്ദമയീദേവി ഭക്തര്‍ക്ക്  ദര്‍ശനം നല്‍കുന്നത് താൽക്കാലികമായി അവസാനിപ്പിച്ചു. ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാതാ അമൃതാനന്ദമയീദേവി ഭക്തരെ കാണുന്നത് നിര്‍ത്തിയതെന്ന് അമൃതാനന്ദമയീ മഠം വ്യക്തമാക്കി. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം.

കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ പ്രതിദിനം മൂവായിരത്തിലധികം പേരെയാണ് മാതാ അമൃതാനന്ദമായീദേവി കാണാറുള്ളത്. എന്നാല്‍ വിദേശികളടക്കം രാജ്യത്ത് മുപ്പത്തിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തരെ ആലിംഗനം ചെയ്തു കൊണ്ടുള്ള ദര്‍ശനം അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അമൃതാനന്ദമയീ മഠത്തോട് ആവശ്യപ്പെടുകയായിരുന്നു. 


എന്നാൽ സന്യാസാശ്രമികളും സേവകരും ഗൃഹസ്ഥാശ്രമികളുമായ ആശ്രമാന്തേവാസികൾക്ക് വർഷം തോറും നൽകി വരാറുള്ള  അമ്മയുടെ പ്രത്യേക ദർശനം മാർച്ച് ഏഴു മുതൽ ആരംഭിക്കും. ദർശനം നിർത്തിയതിനെ കുറിച്ച് മഠത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇങ്ങനെ പറയുന്നു.


'മാതാ അമൃതാനന്ദമയീ മഠത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വ്യസനസമേതം അറിയിക്കുന്നു. വിദേശികളും സ്വദേശികളുമായി നിരവധി ഭക്തജനങ്ങള്‍ തങ്ങുന്ന ആശ്രമം ഇപ്പോള്‍ ആരോഗ്യവകുപ്പിന്‍റെ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണ്. ഈ സാഹചര്യത്തില്‍ ഇനിയെത്തുന്ന ഇന്ത്യന്‍ പൗരന്‍മാരേയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് ഇന്ത്യയില്‍ എത്തിയതാണെങ്കിലും ഈ നിയന്ത്രണം പാലിക്കേണ്ടതായിട്ടുണ്ട്. ഈശ്വരാനുഗ്രഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും ഈ സാഹചര്യം  വൈകാതെ മാറും എന്നു കരുതാം'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K