08 March, 2020 12:23:53 PM


പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കോവിഡ് 19: മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നെത്തി മുങ്ങിയവർ; രണ്ട് പേർ ബന്ധുക്കള്‍




പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു. അഞ്ച് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനം തിട്ടയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ ഇവരുടെ വീടിന് സമീപമുള്ള അടുത്തബന്ധുക്കളാണ്. അഞ്ച് പേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ആദ്യം ചികിത്സയ്ക്ക് സഹകരിച്ചില്ലെന്ന് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


രണ്ട് പേര്‍ പനിയുമായി ആശുപത്രിയില്‍ എത്തിയതോടെയാണ് കൊറോണ ലക്ഷണങ്ങളാണിതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മനസിലാകുന്നത്. തുടര്‍ന്ന് ഇവരില്‍ നിന്നുമാണ് ഇറ്റലിയില്‍ നിന്നും എത്തിയ മൂന്ന് പേരുടെ വിവരം ആരോഗ്യ വകുപ്പിന് ലഭിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്താന്‍ ഇവരോട് വീട്ടില്‍ എത്തി നിര്‍ദേശം നല്‍കിയെങ്കിലും ഇവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കര്‍ശന നിര്‍ദേശത്തിനൊടുവിലാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. ഇവരെ ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങി പരിശോധനകള്‍ക്ക് നില്‍ക്കാതെ മുങ്ങിയവരാണ് ഇവര്‍. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവര്‍ കഴിയുന്നത്.


റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 29നാണ് ഇവരില്‍ മൂന്ന് പേര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്. ഇവര്‍ എയര്‍പോര്‍ട്ടില്‍ രോഗ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കൊവിഡ് വൈറസ് സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ ആരോഗ്യ. വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവര്‍ പാലിച്ചിരുന്നില്ല. രോഗലക്ഷണങ്ങള്‍ കണ്ടിട്ടും ആശുപത്രിയിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടും ഇവര്‍ തയ്യാറായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K