08 March, 2020 01:00:22 PM


കൊറോണ: കേരളത്തിലും ലോക്കൽ ട്രാൻസ്മിഷൻ; അതീവ ജാഗ്രത വേണമെന്ന് മന്ത്രി



തിരുവനന്തപുരം: ഇറ്റലിയിൽ നിന്ന് മടങ്ങിവന്ന മൂന്ന് പേരിൽ പത്തനംതിട്ടയിൽ കൊറോണ പോസിറ്റീവായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പേരാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിലുള്ളത്. രോഗബാധിതർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. അവർ ബന്ധുവീട് സന്ദർശിച്ചിരുന്നു. ബന്ധുവീട്ടിലെ രണ്ട് പേർ പനിയായി താലൂക്ക് ആശുപത്രിയിൽ വന്നപ്പോൾ രോഗലക്ഷണങ്ങൾ കണ്ട് ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അവരിൽ നിന്നാണ് ബന്ധുക്കളുടെ വിവരം അറിഞ്ഞത്.


ഇറ്റലിയിൽ നിന്ന് തിരിച്ചു വന്നവരിൽ നിന്ന് ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമായിരുന്നില്ല. അവർ ആശുപത്രിയിലേക്ക് മാറുവാനുള്ള നിർദേശത്തെ എതിർക്കുകയാണുണ്ടായത്. എവിടെയൊക്കെ ഇപ്പോൾ കൊറോണ ബാധിതമായ പ്രദേശത്ത് നിന്നു വന്നവരുണ്ടോ അവരെല്ലാം തൊട്ടടുത്ത സർക്കാർ ആതുരാലയങ്ങളിൽ  നിർബന്ധമായി റിപ്പോർട്ട് ചെയ്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. പ്രത്യേകിച്ച് ഇറാൻ , ഇറ്റലി, സൗത്ത് കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ളവർ.


പത്തനംതിട്ട ജില്ലയിൽ ഇക്കാര്യങ്ങൾ അറിഞ്ഞ സമയത്ത് തന്നെ വളരെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ആരംഭിച്ചു. ഇന്ന് രാവിലെ ആറ് മണി മുതൽ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താൻ കോണ്ടാക്റ്റ് ട്രേസിങ്ങ് ആരംഭിച്ചിട്ടുണ്ട്. അവർ വന്ന വിമാനം ഫെബ്രുവരി 29ൻ്റെ  "വെനീസ് - ദോഹ ഫ്ലൈറ്റ് ഖത്തർ എയർവേയ്സ് ക്യു ആർ 126 " ആണ്. രാത്രി11:20നാണ് വിമാനം ദോഹയിലെത്തുന്നത്. ദോഹയിൽ ഒന്നര മണിക്കൂർ കാത്തിരുന്ന ശേഷം അവിടെനിന്ന് ഖത്തർ എയർവേയ്സിൻ്റെ ക്യു ആർ 514 വിമാനത്തിലാണ് ദോഹയിൽ നിന്ന് ഇവർ കൊച്ചിയിലെത്തുന്നത്.  കൊച്ചിയിൽ കാലത്ത് 8:20നാണ് എത്തിയിരിക്കുന്നത്.


ഈ വിമാനങ്ങളിൽ വന്നിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശിച്ചു. പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ ഹോം ക്വാറൻ്റൈൻ 28 ദിവസം തന്നെയാണ്. അവർക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. കാര്യങ്ങളെ നിസാരമായി കാണരുത്. ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി അനുസരിക്കണം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അലംഭാവവും അശ്രദ്ധയുമുണ്ടാവരുതെന്നും ആരോഗ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K