05 May, 2016 10:42:05 PM


വേശ്യയെന്നോ മനോരോഗിയെന്നോ വിളിക്കുന്നതില്‍ ദു:ഖമില്ലെന്ന് കങ്കണ


വേശ്യയെന്നോ മനോരോഗിയെന്നോ വിളിക്കുന്നതില്‍ തനിക്ക് ദു:ഖമില്ലെന്ന് ബോളിവുഡ് താരം കങ്കണാ റാണത്ത്. ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നതായും തന്നെ അപമാനിച്ചവര്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മറുപടിയാണ് ദേശീയപുരസ്‌ക്കാര നേട്ടമെന്നും ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങുകള്‍ക്കു ശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പ്രതികരിച്ചു.

സുന്ദരിയായതു കൊണ്ടാണ് താന്‍ ചിലര്‍ക്ക് വേശ്യയായി തോന്നിയത്. തന്റേടിയും കരിയറില്‍ വിജയം നേടിയതും കൊണ്ടാണ് മനോരോഗിയെന്നു വിളിക്കുന്നത്. എല്ലാവര്‍ക്കും ചീത്ത നേരവും നല്ല നേരവുമുണ്ട്. ചീത്ത കാലത്തിലൂടെ കടന്നു പോയാല്‍ നമുക്കു മുന്നില്‍ എത്തുന്നത് നല്ല കാലമായിരിക്കും. ഇവിടെ വരെയുള്ള തന്റെ യാത്ര അസാധാരണമായിരുന്നു. ഹിമാചല്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇവിടെ വരെ എത്താന്‍ കഴിഞ്ഞത് കഴിവുകൊണ്ട് മാത്രമാണെന്നും അവര്‍ പറഞ്ഞു.

കങ്കണ റാണവത്തും ഹൃത്വിക് റോഷനുമായുള്ള ബന്ധം ബോളിവുഡില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. കങ്കണയ്ക്ക് ഹൃത്വിക്ക് ഇമെയിലുകള്‍ അയച്ചുവെന്ന ആരോപണമായിരുന്നു ആദ്യം വന്നത്. ഇത് വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഹൃത്വിക് ആരോപിച്ചു. തുടര്‍ന്ന് ഇരുവരുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തുവന്നത് ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. 











Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K