26 July, 2020 06:30:02 PM


ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു; ഓർമയായത് വള്ളുവനാടൻ ഗ്രാമ‌ത്തിന്‍റെ അഹങ്കാരം



പാലക്കാട്: ഗജരാജൻ കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. വള്ളുവനാടൻ ഗ്രാമ‌മായ കോങ്ങാടിന്‍റെയും പാലക്കാട്ടെ ഉത്സവപ്രേമികളുടെയും സ്വകാര്യഅഹങ്കാരമായിരുന്നു കുട്ടിശങ്കരന്‍. ഉത്സവപ്പറമ്പുകളില്‍ തലപ്പൊക്കത്തിലും ആനച്ചന്തത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്ന ഗജവീരനായിരുന്നു കോങ്ങാട് കുട്ടിശങ്കരന്‍. നിലമ്പൂര്‍ കാട്ടിൽ നിന്നും കുട്ടിശങ്കരനെ മൂന്നാംവയസ്സിലാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടയ്ക്കിരുത്തുന്നത്. 1969ല്‍ കോട്ടപ്പടിക്കല്‍ ചിന്നക്കുട്ടന്‍നായര്‍ എന്ന കുട്ടിശങ്കരന്‍ നായരാണ് തിരുമാന്ധാംകുന്ന് കാവിലമ്മയ്ക്കുമുന്നില്‍ കുട്ടിശങ്കരനെ നടയ്ക്കിരുത്തിയത്. 


നിലത്തിഴയുന്ന തുമ്പിയും നീളംകൂടിയ വാലുമാണ് മറ്റ് നാടന്‍ ആനകളില്‍നിന്ന് കുട്ടിശങ്കരനെ വ്യത്യസ്തനാക്കിയിരുന്നത്. സാധാരണനിലയില്‍ തുമ്പി രണ്ടുമടക്കായി നിലത്തിഴഞ്ഞുകിടക്കും. 191 സെ.മീ.യാണ് വാലിന്റെ നീളം. ലക്ഷണമൊത്ത 18 നഖങ്ങളും കൊമ്പുകളും പ്രത്യേകതയാണ്. കൊമ്പുകളുടെ ഒരല്പം നിരപ്പുവ്യത്യാസം കുട്ടിശങ്കരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനുള്ള അടയാളം കൂടിയാണ്. നാടന്‍ ആനകളില്‍ ഏറ്റവും കൂടുതല്‍ ഉയരം കുട്ടിശങ്കരനായിരുന്നെന്നാണ് കോങ്ങാട് തിരുമാന്ധാംകുന്ന് ദേവസ്വം അധികൃതര്‍ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K