10 September, 2020 05:31:10 PM


'സ്പെഷ്യൽ ഫീസടച്ചില്ല; വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി



പാലക്കാട്: സ്പെഷ്യൽ ഫീസടയ്ക്കാത്തതിനാൽ 250 വിദ്യാർഥികളെ സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി. പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ എൽ കെ ജി മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് സ്പെഷ്യൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകളിൽ നിന്ന് പുറത്താക്കിയത്. വിദ്യാർത്ഥികൾ അംഗങ്ങളായിട്ടുള്ള വാട്സ് അപ് ഗ്രൂപ്പുകളിൽ നിന്നാണ് പുറത്താക്കിയത്.


ട്യൂഷൻ ഫീസും മെയിന്റനൻസിനായി സ്പെഷ്യൽ ഫീസും അടയ്ക്കണമെന്ന് സ്ക്കൂൾ അധികൃതർ  ആവശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീസ് രക്ഷിതാക്കൾ അടച്ചു. സ്ക്കൂൾ തുറന്ന് പ്രവർത്തിയ്ക്കാത്തതിനാൽ സ്പെഷ്യൽഫീസിൽ നിന്നും ഒഴിവാക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.  എന്നാൽ ഇളവ് നൽകാതെ സ്പെഷ്യൽ ഫീസ് അടക്കാത്തതിന് വിദ്യാർത്ഥികളെ വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കുകയായിരുന്നു. 


ആറായിരം രൂപ മുതൽ ഏഴായിരം രൂപ വരെയാണ് ഓരോ മൂന്ന് മാസം കൂടുമ്പോഴും അടക്കേണ്ട സ്പെഷ്യൽ ഫീസ്. ട്യൂഷൻ ഫീസ് ഇതിന് പുറമെയും നൽകണം. കോവിഡ് പ്രതിസന്ധിക്കാലത്ത് ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ വിദ്യാർത്ഥികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് പ്രതികരിയ്ക്കാൻ സ്ക്കൂൾ അധികൃതർ തയ്യാറായില്ലത്രേ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K