11 May, 2021 08:42:58 AM


വാഹന പരിശോധനയ്ക്ക് 'സേവാഭാരതി': പൊലീസിന് വീഴ്ച സംഭവിച്ചതായിവിലയിരുത്തൽ



പാലക്കാട്: സേവാഭാരതി വളണ്ടിയർമാരെ യൂനിഫോമിട്ട് വാഹന പരിശോധനയ്ക്ക് നിയോഗിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഔദ്യോഗിക സംവിധാനത്തിലുഉള്ള വളണ്ടിയർ സേവനങ്ങൾ ഉപയോഗപ്പെടുത്താതെയാണ് നഗരസഭയോട് വളണ്ടിയർമാരെ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. കോവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ സന്നദ്ധ സേവനങ്ങൾക്ക് വളണ്ടിയർമാരെ ഉപയോഗിക്കുന്നത് പോലെയല്ല വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധന.


ക്രമസമാധനപാലനവും നിയമനടപടികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ് സേവാഭാരതിയുടെ യൂണിഫോം ഉപയോഗിച്ചത്. ഇത് തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റി. വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ മറ്റാരെയും ഉപയോഗിക്കരുതെന്ന സർക്കാർ നിലപാടിന് വിരുദ്ധമായാണ് പാലക്കാട്ടെ പൊലീസിന്റെ നടപടി. സംഭവം വിവാദമായതോടെ ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ ഒരു സംഘടനയ്ക്കും സർക്കാർ സംവിധാനങ്ങൾക്കൊപ്പം ചേർന്നുനിന്നു പ്രവർത്തിക്കാൻ അധികാരമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


സന്നദ്ധ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ചേർത്ത് കേരളത്തിൽ കമ്മ്യുണിറ്റി വളണ്ടിയേഴ്സ് എന്ന പേരിൽ ഒരു സേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളിൽ പങ്കുചേരാനുള്ള അനുമതി. അതുപോലെ തന്നെ ക്രമസമാധാന പാലനത്തിനായി കൂടെപ്രവർത്തിക്കാൻ പൊലീസ് തന്നെ ചില സ്ഥലങ്ങളിൽ ആളുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. അവർ ഏതെങ്കിലും സംഘടനയുടെ ഭാഗമായിട്ടല്ല ഈ പ്രവർത്തനത്തിന്റെ ഭാഗമായത്. അവരുടെ രാഷ്ട്രീയവും സംഘടനാ വിധേയത്വവും പ്രദർശിപ്പിച്ചുകൊണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ല. അത്തരത്തിലുള്ള ഒരു കാര്യവും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


പൊലീസിനെ സഹായിക്കാൻ പൊലീസ് ട്രെയിനികൾ, എൻസിസി, സ്‌കൗട്ട് വളണ്ടിയർമാർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, കമ്മ്യൂണിറ്റി വളണ്ടിയർമാർ എന്നിവരെയാണ് ആദ്യം പരിഗണിക്കേണ്ടത്. എന്നാൽ പാലക്കാട് നഗരസഭയോട് വളണ്ടിയർമാരെ ആവശ്യപ്പെടുകയാണ് പൊലീസ് ചെയ്തത്. പൊലീസ് തടയുന്ന വാഹനങ്ങളുടെ വിശദാംശങ്ങൾ രേഖപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളാണ് വളണ്ടിയർമാർ ചെയ്യേണ്ടത്.


എന്നാൽ സേവാഭാരതി വളണ്ടിയർമാർ പൊലീസിന്റെ അതേ അധികാരത്തിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരുടെ രേഖകൾ പരിശോധിക്കുകയാണു ചെയ്തത്. സംഭവം വിവാദമായതോടെ വളണ്ടിയർമാരെ ഉപയോഗപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്താൻ പൊലീസുകാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. വളണ്ടിയർമാർ യാത്രക്കാരോട് മോശമായി പെരുമാറുന്നത് ക്രമസമാധന പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K