26 May, 2021 10:40:23 PM


പാലക്കാട് ജില്ലയില്‍ 144 കേസില്‍ 164 പേര്‍ അറസ്റ്റില്‍; 182 വാഹനങ്ങള്‍ പിടിച്ചെടുത്തു



പാലക്കാട്: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ  പോലീസ് നടത്തിയ പരിശോധനയില്‍ 144 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.സി. ബിജുകുമാര്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 164 പേരെ അറസ്റ്റ് ചെയ്തു. 182 വാഹനങ്ങളും പിടിച്ചെടുത്തു. അനാവശ്യമായി പുറത്തിറങ്ങുക, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.


മാസ്‌ക് ധരിക്കാത്ത 668 പേര്‍ക്കെതിരെ കേസ്


മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 668 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തി പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസം സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ മെയ് 25 ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 253 കേസുകള്‍. ചുമതലയുള്ള പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നത്. 53 പേരാണ് പരിശോധന നടത്തിയത്.


ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ് ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക, സമയ പരിധി കഴിഞ്ഞിട്ടും കടകള്‍ തുറന്നു വെക്കുക എന്നിവയ്‌ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, ആരാധനാലയങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറാണ് പരിശോധന നടത്തുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K