30 June, 2021 06:42:20 PM


സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ ലഭിക്കുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം



കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കാർഷിക യന്ത്രവത്ക്കരണ പദ്ധതിയിൽ ജൂലൈ ഒന്നു മുതൽ ഓൺലൈനായി അപേക്ഷ സമര്‍പ്പിക്കാം. കാർഷിക യന്ത്രങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കും. എല്ലാ ഇനത്തിലുമുള്ള കാർഷിക ഉപകരണങ്ങള്‍, വിള സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ ഇനം ഡ്രൈയറുകൾ, നെല്ല് കുത്തുന്ന മില്ലുകൾ, ധാന്യങ്ങൾ പൊടിക്കുന്ന യന്ത്രങ്ങൾ, ഓയിൽ മില്ലുകൾ തുടങ്ങിയവയെല്ലാം പദ്ധതിയിൽ ലഭ്യമാണ്. 


വ്യക്തികൾക്ക് നിബന്ധനകളോടെ 40 മുതൽ 60 ശതമാനം വരെയും അംഗീകൃത കർഷക കൂട്ടായ്മകൾക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന്  പദ്ധതി തുകയുടെ 80 ശതമാനം നിരക്കിൽ നിബന്ധനകളോടെ എട്ടു ലക്ഷം രൂപവരെയും കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം വരെയും സബ്സിഡി ലഭിക്കും.

 
ഓൺലൈനായി രജിസ്റ്റർ ചെയ്ത് ശേഷം വാങ്ങുന്ന യന്ത്രങ്ങള്‍ ജില്ലയിലെ കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പരിശോധന നടത്തിയാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾ https://agrimachinery.nic.in /index എന്ന വെബ് സൈറ്റിലും 9446322469,9895440373, 04812561585 എന്നീ നമ്പറുകളിലും ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K