12 July, 2021 07:11:03 PM


വിവാഹത്തിന് സാധിച്ചില്ല; 69 കൊല്ലത്തിനുശേഷം വെളുത്ത വിവാഹ വസ്ത്രം ധരിച്ച് 94 കാരി



അലബാമ: വിവാഹനാളില്‍ സാധിക്കാതെ പോയ ആഗ്രഹം തന്‍റെ 94-ാമത്തെ വയസ്സില്‍ നിറവേറ്റി അലബാമയിലെ ബര്‍മിംഗ്ഹാം സ്വദേശിനിയായ മാര്‍ത്ത മേ മൂണ്‍ ടക്കര്‍. വെളുത്ത വിവാഹ വസ്ത്രം ധരിക്കണം എന്ന ജീവിതാഭിലാഷമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ത്ത സഫലമാക്കിയത്.


1952 ലായിരുന്നു മാര്‍ത്തയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ദിവസം വെളുത്ത വസ്ത്രം ധരിക്കണമെന്ന് മാര്‍ത്തക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് വിവാഹ വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് വിവാഹദിവസം അവര്‍ മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ വാങ്ങുന്ന പതിവായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ പേരമകളുടെ സഹായത്തോടെ വെളുത്ത വിവാഹ വസ്ത്രം ധരിക്കുക സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുകയാണ് മാര്‍ത്ത.


ഒരു ബ്രൈഡല്‍ സ്റ്റോറില്‍ മാര്‍ത്തക്കു വേണ്ടി അപ്പോയ്ന്‍മെന്‍റ് ബുക്ക് ചെയ്യുകയായിരുന്നു പേരമകള്‍. ''വിവാഹവസ്ത്രം ധരിച്ച് ഇതാരാണെന്നറിയാന്‍ ഞാന്‍ തന്നെ കണ്ണാടിയില്‍ നോക്കി,'' സംഭവത്തെ കുറിച്ച് മാര്‍ത്ത പറഞ്ഞതിങ്ങനെയാണ്. ''വളരെ ആവേശത്തിലായിരുന്നു ഞാന്‍. ഇന്നെന്‍റെ വിവാഹം ആണ് എന്നാണ് തോന്നിയത്,' അവര്‍ പറഞ്ഞു. വസ്ത്രം അഴിക്കാനേ തോന്നിയിരുന്നില്ല എന്നും മാര്‍ത്ത കൂട്ടിച്ചേര്‍ത്തു.


''ഞങ്ങള്‍ക്ക് വേണ്ടി അമ്മൂമ്മ ഒരുപാട് ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട്. അവരുടെ ആഗ്രഹം നിറവേറ്റുക എന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്,'' മാര്‍ത്തയുടെ പേരമകളിലൊരാളായ ഏയ്ഞ്ചല സ്‌ട്രോസിയര്‍ പറഞ്ഞു. വെളുത്ത വിവാഹ വസ്ത്രം ധരിച്ച മാര്‍ത്തയുടെ ചിത്രങ്ങള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.


ജീവിതത്തില്‍ തന്നെ കണ്ട ഏറ്റവും സുന്ദരിയായ വധുവാണ് മാര്‍ത്ത ടക്കറെന്ന് ഒരു ഇന്‍റര്‍നെറ്റ് ഉപയോക്താവ് അഭിപ്രായപ്പെട്ടു. എന്നാല്‍ പണ്ട് കറുത്ത വര്‍ഗക്കാരായ സ്ത്രീകള്‍ക്ക് ബ്രൈഡല്‍ ഷോപ്പുകളില്‍ പ്രവേശമുണ്ടായിരുന്നില്ല എന്ന വസ്തുത അറിഞ്ഞ് പലരും അത്ഭുതം കൂറുന്നുമുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K