26 July, 2021 04:41:01 PM


പാലക്കാട് എലവഞ്ചേരിയിൽ ഗൃഹനാഥന്‍ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ



പാലക്കാട്: എലവഞ്ചേരിയിൽ ഗൃഹനാഥനെ വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻകുട്ടിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വട്ടിപലിശക്കാരുടെ ഭീഷണി മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് പുലർച്ചെയാണ് എലവഞ്ചേരി സ്വദേശി കണ്ണൻകുട്ടിയെ വീടിന് മുന്നിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറയിലെ ഒരു ക്വാറിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് കണ്ണൻക്കുട്ടി.


എന്നാൽ  കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ജോലിയുണ്ടായിരുന്നില്ല. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വട്ടിപലിശക്കാരിൽ നിന്നും പതിനഞ്ച് ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നതായി വീട്ടുകാർ പറയുന്നു. ഇതിൽ ഭൂരിഭാഗം തുകയും തിരിച്ചടച്ചതാണെന്നും ബാക്കി തുക ആവശ്യപ്പെട്ട് വട്ടിപലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാർ പറഞ്ഞു.


കഴിഞ്ഞദിവസം ഒരു ധനകാര്യ സ്ഥാപനത്തിലെ ആളുകൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസി ശിവദാസൻ പറഞ്ഞു. സംഭവത്തിൽ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ച മുൻപ് പാലക്കാട് വള്ളിക്കോട് സ്വദേശിയും ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തിരുന്നു. ഒരാഴ്ചയ്ക്കിടെ ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലമുള്ള രണ്ടാമത്തെ ആത്മഹത്യയാണിത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K