03 September, 2021 09:00:40 PM


ജലജീവന്‍ മിഷന്‍: പാലക്കാട് ജില്ലയില്‍ 21,997 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം



പാലക്കാട് : ജലജീവന്‍ മിഷന്‍ മുഖേന ജില്ലയിലെ 17 പഞ്ചായത്തുകളിലായി നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട 21,997 പൈപ്പ് കണക്ഷനുകള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കണ്ണമ്പ്ര, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 120 പ്രത്യേക കണക്ഷനുകള്‍ക്ക് യോഗത്തില്‍ അംഗീകാരം ലഭിച്ചു. 69734 കണക്ഷനുകള്‍ക്കുള്ള പുതുക്കിയ എസ്റ്റിമേറ്റിന് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.


അട്ടപ്പാടിയിലെ വിവിധ ഊരുകളിലേക്കുള്ള പൈപ്പ് കണക്ഷനുകള്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ 33 പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ ആറ് പഞ്ചായത്തുകളിലെ പദ്ധതികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി പ്രോജക്ട് ഡിവിഷന്‍ എന്‍ജിനീയര്‍ അറിയിച്ചു.


യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജലനിധി റീജ്യനല്‍ ഓഫീസര്‍, ഭൂജലവകുപ്പ് ഉദ്യോഗസ്ഥര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍, വാട്ടര്‍ അതോറിറ്റി, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K