01 November, 2021 07:40:51 PM


പാലക്കാട് - തൃശൂര്‍ ബോണ്ട് സര്‍വീസിന് തുടക്കം കുറിച്ച് കെ.എസ്.ആര്‍.ടി.സി.



പാലക്കാട്: ഡിപ്പോയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആറാമത് ബോണ്ട് സര്‍വീസിന് തുടക്കമായി. പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും തൃശൂര്‍ വരെയാണ് പുതിയ സര്‍വീസുണ്ടായിരിക്കുക. രാവിലെ 8.15 ന് പാലക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 5.15ന് തൃശൂരില്‍ നിന്നും തിരിച്ചു വരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.  

ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി നിലവില്‍ പാലക്കാട് - എലവഞ്ചേരി, പാലക്കാട് - മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല എന്നിവിടങ്ങളിലേക്കും പാലക്കാട് - കോയമ്പത്തൂര്‍ റൂട്ടില്‍ മൂന്ന് ബോണ്ട് സര്‍വീസുകളും നടത്തുന്നുണ്ട്. കോവിഡ് 19 നെത്തുടര്‍ന്നുണ്ടായ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസുകള്‍ ആരംഭിച്ചത്.

ബോണ്ട് സര്‍വീസ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി. എ. ഉബൈദ് ഫ്‌ളാഗ് ഓഫ് ചെയ്തു. സാധാരണ സര്‍വീസുകളെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യപ്രദമെന്ന നിലയില്‍ ബോണ്ട് സര്‍വീസിന് ആവശ്യക്കാരുണ്ടെന്നും ആവശ്യക്കാര്‍ കൂടുതലുള്ള റൂട്ടുകളില്‍ പുതിയ ബോണ്ട് സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി സജ്ജമാണെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ പി.എസ്. മഹേഷ് അധ്യക്ഷനായി. പി.എം.ഡി വാസുദേവന്‍, സംഘടന പ്രതിനിധികളായി പി. പ്രദീഷ്, ടി. സന്തോഷ്, ടി.വി. രമേഷ് കുമാര്‍, ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K