06 February, 2022 07:38:24 PM


പറന്നകന്ന് വാനമ്പാടി: ലതാ മങ്കേഷ്കറിന് മുംബൈ ശിവജി പാർക്കിൽ അന്ത്യവിശ്രമം



മുംബൈ: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് മുംബൈ ശിവജി പാർക്കിൽ അന്ത്യവിശ്രമം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നിഹിതനായി. ദേശീയ പതാക കൊണ്ട് പൊതിഞ്ഞ ലതാ മങ്കേഷ്‌കറിന്‍റെ ഭൗതികശരീരം പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കിൽ ദക്ഷിണ മുംബൈയിലെ അവരുടെ വസതിയിൽ നിന്ന് ശിവജി പാർക്കിലേക്ക് കൊണ്ടുപോയി. അവിടെ 'മേരി ആവാസ് ഹി പെഹ്ചാൻ ഹേ' എന്ന ഗാനം പിന്നണിയിൽ കേൾപ്പിച്ചുകൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

സഹോദരി ആശ ഭോസ്ലെ, ദേവേന്ദ്ര ഫഡ്‌നാവിസ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ, നടി ശ്രദ്ധ കപൂർ തുടങ്ങിയവർ ശിവജി പാർക്കിലെത്തി. ലതാ മങ്കേഷ്കറിന് ആദരാഞ്ജലി അർപ്പിക്കാൻ ജാവേദ് അക്തറും ബോളിവുഡിൽ നിന്നുള്ള നിരവധി പേരും മങ്കേഷ്‌കറുടെ വസതിയായ പ്രഭുകുഞ്ചിലെത്തിയിരുന്നു.

ഇന്ന് രാവിലെ 8:12 നായിരുന്നു 'മെലഡിയുടെ രാജ്ഞി' എന്നും 'ഇന്ത്യയുടെ വാനമ്പാടി' എന്നും അറിയപ്പെട്ടിരുന്ന മങ്കേഷ്‌കറുടെ അന്ത്യം. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ജനുവരി 8 ന് നേരിയ ലക്ഷണങ്ങളോടെ കോവിഡ് പോസിറ്റീവ് ആവുകയും, ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. തുടർന്ന്, ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അവിടെ ഡോ. പ്രതീത് സംദാനിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലെ ഡോക്ടർമാരുടെ സംഘവും ചികിത്സിച്ചു. 

കഴിഞ്ഞ ആഴ്‌ച വരെ ആരോഗ്യനിലയിൽ പുരോഗതി പ്രകടിപ്പിച്ചിരുന്നുവെങ്കിലും നില വഷളായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ വെന്റിലേറ്റർ സപ്പോർട്ടിൽ തിരികെ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ന്യൂമോണിയ പിടിപെട്ടിരുന്നു. ശനിയാഴ്ച, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ, ചലച്ചിത്ര നിർമ്മാതാവ് മധുർ ഭണ്ഡാർക്കർ, എൻസിപി നേതാവ് സുപ്രിയ സുലെ എന്നിവരടക്കം നിരവധി പ്രമുഖർ ഗായികയെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.

ഇൻഡോറിൽ ജനിച്ച മങ്കേഷ്‌കർ തലമുറകളോളം സ്‌ക്രീനിൽ തിളങ്ങിയ താരങ്ങളുടെ ശബ്ദമായി തുടർന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ കരിയർ ആരംഭിച്ച അവർ, ഏഴ് ദശാബ്ദക്കാലത്തെ സംഗീത ജീവിതത്തിൽ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

1948-ൽ മജ്ബൂർ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മങ്കേഷ്കറുടെ കരിയറിലെ ആദ്യ വഴിത്തിരിവായ ഗാനമായ ദിൽ മേരാ തോഡ... അടുത്ത വർഷം, 1949-ൽ, മധുബാല അഭിനയിച്ച മഹലിൽ നിന്നുള്ള 'ആയേഗ ആനേവാല' എന്ന ട്രാക്കിലൂടെ ലതാ മങ്കേഷ്കർ വൻ ജനപ്രീതി നേടി. ഇതിനുശേഷം, ഇന്ത്യൻ സിനിമാ-സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗായികയായി മാറിയ മങ്കേഷ്‌കറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

അന്തരിച്ച ചലച്ചിത്രകാരൻ യാഷ് ചോപ്ര സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ 'വീർ സാറ' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അവസാനത്തെ പൂർണ്ണ ആൽബം. ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി 2021 മാർച്ച് 30-ന് പുറത്തിറങ്ങിയ 'സൗഗന്ധ് മുജേ ഈസ് മിട്ടി കി' ആയിരുന്നു മങ്കേഷ്‌കറിന്റെ അവസാന ഗാനം. 2001-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചു.

പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്നിവയ്ക്ക് പുറമെ ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലതാ മങ്കേഷ്‌ക്കറിന് ലഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K