14 August, 2025 12:19:13 PM
രേണുക സ്വാമി കൊലപാതകം; നടൻ ദർശന്റെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസിൽ പ്രതി കന്നഡ നടൻ ദർശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക സർക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതി നടപടി. നടി പവിത്ര ഗൗഡയുടേയും മറ്റ് പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കേസിൽ നടനും മറ്റ് പ്രതികൾക്കും 2024 ഡിസംബർ 13 ന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് കര്‍ണാടക സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവെ സുപ്രിം കോടതി കഴിഞ്ഞ മാസം അതൃപ്തി വ്യക്തമാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്.
നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് ആധാരമാക്കിയായിരുന്നു ജാമ്യം ലഭിച്ചത്. രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ദർശൻ. ചിത്രദുർഗയിലെ ഒരു മെഡിക്കൽ ഷോപ്പിൽ ജീവനക്കാരൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. 2024 ജൂൺ 9നാണ് ബെംഗളൂരുവിലെ സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ അഴുക്കുചാലിൽ നിന്നും രേണുക സ്വാമിയുടെ മൃതദേഹം ലഭിച്ചത്. ആദ്യം പൊലീസ് ആത്മഹത്യയാണ് എന്നാണ് കരുതിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണ് എന്ന് തെളിയുകയായിരുന്നു.
ദർശനും സംഘവും രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടഞ്ഞുവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നും ദർശന്റെ കുടുംബ ജീവിതത്തെ ബാധിക്കും വിധമുള്ള ഇടപെടൽ നടത്തിയെന്നതുമാണ് കൊലപാതക കാരണമായി കണ്ടെത്തിയത്. നടി പവിത്രയും കേസിൽ പ്രതിയാണ്.