07 September, 2025 07:24:49 PM
ബസിൽ യാത്ര ചെയ്യവെ മാല മോഷണം; പഞ്ചായത്ത് പ്രസിഡൻ്റ് അറസ്റ്റിൽ

ചെന്നൈ: ബസില്‍ യാത്ര ചെയ്യവെ സഹയാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. തമിഴ്‌നാട് നര്യാംപട്ട് പഞ്ചായത്ത് പ്രസിഡന്റായ ഭാരതിയാണ് അറസ്റ്റിലായത്. ഡിഎംകെ പ്രതിനിധിയാണ് ഭാരതി. ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്.
നേര്‍കുണ്ട്രം സ്വദേശിയായ വരലക്ഷമിയുടെ മാലയാണ് ബസില്‍ യാത്ര ചെയ്യവെ മോഷണം പോയത്. യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തന്റെ നാല് പവന്റെ മാല മോഷണം പോയ വിവരം യുവതി അറിയുന്നത്. പിന്നാലെ കോയമ്പേട് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി. പിന്നാലെ ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ സമീപത്തിരുന്ന മറ്റൊരു സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയത് പഞ്ചായത്ത് പ്രസിഡന്റാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഭാരതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാരതിക്കെതിരെ നിരവധി കേസുകള്‍ നിലിവിലുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.