10 September, 2025 11:45:53 AM


കടുവയെ പിടികൂടിയില്ല; കര്‍ണ്ണാടകയില്‍ വനംവകുപ്പ് ജീവനക്കാരെ കൂട്ടിലടച്ച് നാട്ടുകാര്‍



ബം​ഗളൂരു : കര്‍ണ്ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിധിയിലുള്ള ബൊമ്മലാപുര ഗ്രാമത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുക്കാര്‍ കൂട്ടില്‍ പൂട്ടിയിട്ടു. കടുവയെ പിടിക്കാന്‍ പ്രതിഷേധിച്ചാണ് 13 വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏതാണ്ട് 20 മിനുറ്റോളം നാട്ടുകാര്‍ കൂട്ടിലടച്ചത്. 

കടുവയെ പിടികൂടാന്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ വിട്ടയച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ചതിനും അസഭ്യം പറഞ്ഞതിനും ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ കാറ്റഴിച്ചുവിട്ടതിനും പോലീസ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചാമരാജനഗര്‍ ജില്ലയില്‍ ഗുണ്ടല്‍പേട്ട് താലൂക്കിലെ വനാതിര്‍ത്തിയില്‍ നിന്നും 8 കിലോമീറ്റര്‍ അകെലയാണ് ബൊമ്മലാപുര സ്ഥിതി ചെയ്യുന്നത്. കടുവയെ പിടികൂടാനായി ഉദ്യോഗസ്ഥര്‍ ബൊമ്മലാപുരയിലേക്ക് പോയതായിരുന്നുവെന്ന് ബന്ദിപ്പൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. കടുവയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഡ്രോണ്‍ ഉപയോഗിക്കുകയും കോമ്പിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും കടുവയെ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K