12 September, 2025 10:35:50 AM


സിക്കിമില്‍ ശക്തമായ മണ്ണിടിച്ചിലും മഴയും; നാല് പേർ മരിച്ചു, മൂന്ന് പേരെ കാണാനില്ല



ഗാങ്‌ടോക്: സിക്കിമിലെ യാങ്താങിൽ ശക്തമായ മണ്ണിടിച്ചിലിലും മഴവെള്ളപ്പാച്ചിലിലും നാല് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മൂന്ന് പേർ സംഭവ സ്ഥലത്തും പരിക്കേറ്റ ഒരാൾ ആശുപത്രിയിലുമാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വീടുകൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രദേശത്തെ നദിക്ക് കുറുകെ മരം കൊണ്ടുണ്ടാക്കിയ താൽകാലിക പാലത്തിലൂടെയാണ് പൊലീസ് രക്ഷാ പ്രവർത്തനം നടത്തുന്നത്. നദി കരകവിഞ്ഞ് വീടുകളെല്ലാം വെള്ളത്തിലായി. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് സിക്കിമിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. ഗ്യാൽഷിങ് ജില്ലയിൽ തിങ്കളാഴ്ച അർദ്ധരാത്രിയുണ്ടായ മണ്ണിടിച്ചിലിൽ 45 വയസുള്ള ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുടെ വീട് പൂർണമായും തകർന്നു. അതേസമയം പ്രദേശത്ത് മഴ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940