13 October, 2025 12:08:37 PM


കരൂര്‍ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി



ന്യൂഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി അജയ് രസ്‌തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സമിതിയിൽ തമിഴ്നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഓഫീസർമാരുണ്ടാകും. അവർ തമിഴ്നാട് സ്വദേശികൾ ആകരുതെന്നും, ഐജി റാങ്കിൽ ഉള്ളവരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ടിവികെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി എസ്ഐടി രൂപീകരിക്കുന്ന ഹൈക്കോടതി വിധിയെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജിയില്‍ എതിര്‍ത്തിരുന്നു.

അന്വേഷണം സിബിഐക്ക് കൈമാറാന്‍ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഒക്ടോബര്‍ 3-ന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തും സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെ, ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച രീതിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കരൂര്‍ മധുര ബെഞ്ചിന്റെ അധികാരപരിധിയില്‍ വരുമ്പോള്‍ ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് എങ്ങനെ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. നടന്‍ വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സെപ്റ്റംബര്‍ 27 ന് തമിഴ്‌നാട്ടിലെ കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് ആള്‍ക്കൂട്ട ദുരന്തം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927