20 August, 2025 10:21:40 AM
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് 35കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനെന്ന വ്യാജേനെ എത്തിയ വ്യക്തിയാണ് ആക്രമണം നടത്തിയതെന്ന് ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് അടിയേറ്റ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവേന്ദര്‍ യാദവ് പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഈ സംഭവം ചുണ്ടിക്കാട്ടുന്നത്. 'ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്ക് പോലും സുരക്ഷയില്ലെങ്കില്‍, സാധാരണക്കാരായ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയും?' ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.