14 July, 2025 12:59:18 PM
ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

മുംബൈ: ഗുഡ്‌സ് ട്രെയിന് മുകളില്‍ മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ നെരുള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. നവി മുംബൈയിലെ ബേലാപൂരില്‍ നിന്നുള്ള ആരവ് ശ്രീവാസ്തവ ജൂലൈ 6ന് സുഹൃത്തുക്കളോടൊപ്പമാണ് റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.
ബോഗിയുടെ മുകളില്‍ കയറി നിന്നാണ് റീല്‍ എടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ താഴേക്ക് വീഴുകയും ചെയ്തു. കുട്ടിയുടെ തലയിലും മറ്റ് ശരീരഭാഗങ്ങളിലും പരിക്കേല്‍ക്കുകയും ചെയ്തു. 60 ശതമാനത്തിലധികം പൊള്ളലേറ്റതായി റെയില്‍വെ പൊലീസ് വ്യക്തമാക്കി.
തൊട്ടടുത്തുള്ള ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്ന് ഐറോളിയിലെ ബേണ്‍സ് ആശുപത്രിയിലേയ്ക്ക് മാറ്റി. ആറ് ദിവസം ചികിത്സയില്‍ കഴിഞ്ഞെങ്കിലും ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകട മരണത്തിന് കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.