01 October, 2025 11:27:15 AM
കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്താൽ പിഴ: ബംഗളുരുവിൽ കർശനനിയന്ത്രണം വരുന്നു

ബംഗളുരു: ബംഗളുരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി സർക്കാർ ട്രാഫിക് കൺജസ്റ്റൻ ടാക്‌സ് നടപ്പിലാക്കാൻ ഒരുങ്ങുന്നു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഉന്നതതല യോഗത്തിന്റെ ശുപാർശകൾ സർക്കാരിന് മുന്നിലുണ്ട്. ഇത് പരിഗണിച്ചുള്ള തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്നാണ് സൂചന. 90 ദിന കർമദിന പരിപാടിയുടെ ഭാഗമായാകും ബംഗളുരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായുള്ള കടുത്ത നടപടികൾ. ആദ്യഘട്ടത്തിൽ ഔട്ടർ റിംഗ് റോഡ്, സർജാപുർ റോഡ്, ഹാസൻ റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ ഈ നിയമം നടപ്പാക്കാൻ പദ്ധതിയുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. സർക്കാരിൻ്റെ ഈ തീരുമാനം ബംഗളുരു നഗരത്തിലെ ഗതാഗത വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.